റോഡരികില്‍ കൂട്ടിയിട്ട തടികള്‍ മാറ്റാതെ അധികൃതര്‍
ബദിയഡുക്ക : നാട്ടുകാരുടെ ‘തടിക്ക്’ കേടായി റോഡരികിലെ
തടിക്കഷണങ്ങളുടെ കൂട്ടം. ബദയഡുക്ക അപ്പര്‍ ബസാറില്‍ റോഡരികിലെ പെരുവഴിയില്‍ കൂട്ടിയിട്ട തടിക്കഷണങ്ങള്‍ ഇഴജന്തുക്കളുടെ താവളമായി മാറുന്നതാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. ഇത് ഇവിടെനിന്ന് മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരിസരവാസികളുടെ പരാതി.
കാല്‍നടയാത്രക്കാര്‍ക്കും അരികിലെ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ക്കും ചുറ്റിലുമുള്ള കടകളിലുള്ളവര്‍ക്കും ഇത് ഭീഷണിയായി മാറിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. മുള്ളേരിയ-കുമ്പള കെഎസ്ടിപി റോഡിന്റെ സമീപമായി ഇവിടെ ഉണ്ടായിരുന്ന തണല്‍മരം ഉണങ്ങിവീഴാറായപ്പോള്‍ അതിന്റെ്‌റെ ശിഖരങ്ങള്‍ വെട്ടി തായ്ത്തടിക്കു ചുറ്റുമായി കൂട്ടിയിടുകയാണ് ചെയ്തത്. റോഡ് നിര്‍മാണം നടത്തുന്ന കമ്പനിയാണ് ഇത് ചെയ്തത്. എന്നാല്‍, ഇത് നീക്കംചെയ്ത് സുരക്ഷിതയാത്രയൊരുക്കാനുള്ള ഒരു നടപടിയും അവര്‍ ചെയ്തിട്ടില്ല. ഇവിടെ റോഡിനിരുപുറവുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗവ. ഹൈസ്‌കൂള്‍ പെര്‍ഡാലയും നവജീവന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെര്‍ഡാലയും ഉണ്ട്. സ്‌കൂള്‍സമയങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുന്ന സ്ഥലമാണ് ഇത്. റോഡരികിലൂടെ നടക്കുന്നവര്‍ക്ക് ഇവിടെ എത്തിയാല്‍ റോഡിലേക്ക് കയറാതെ നടക്കാന്‍ സ്ഥലമില്ല. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ, സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈന്‍ ഇവിടെയാണുള്ളത്. സീബ്രാലൈനിലൂടെ വരുന്നവര്‍ക്ക് ഇരുവശങ്ങളിലേക്കും പോകാനും ഈ വിറകിന്‍ കൂട്ടങ്ങള്‍ തടസ്സമാണ്. റവന്യൂ അധികൃതര്‍ നടപടിയെടുക്കണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്ന ഈ വിറകുതടികള്‍ നീക്കംചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തത് ജനങ്ങളില്‍ വലിയ പ്രതിഷേധം
ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത് നീക്കംചെയ്‌തേ മതിയാകൂ. ബന്ധപ്പെട്ടവര്‍ അതിനു തയ്യാറാവുന്നില്ലെങ്കില്‍ റവന്യൂ അധികൃതര്‍ മുന്‍കൈയെടുത്ത് ഇവ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




