കുമ്പള.കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ നിരവധി വികസന പദ്ധതികള്‍ ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുന്നതും,പാതിവഴിയില്‍ ഉപേക്ഷിച്ചതും,ഫണ്ട് അനുവദിക്കാത്തത് മൂലം കുടുങ്ങിക്കിടക്കുന്നതുമായ ചെറുതും,വലുതുമായ പദ്ധതികളെ സംബന്ധിച്ചും,ഇതിന്റെ പൂര്‍ത്തീകരണത്തിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടും മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാന്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഹാജിക്ക് വികസന പദ്ധതി രേഖ സമര്‍പ്പിച്ചു.
കുമ്പള ഗ്രാമപഞ്ചായത്തിന് നല്ലൊരു വരുമാനം ഉണ്ടാക്കിയെടുക്കാനുള്ള പഴയ ബസ്റ്റാന്‍ഡ് കെട്ടിട സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി യുദ്ധ കാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്താന്‍ നടപടി സ്വീകരിക്കണമെന്നും, ഇത് രണ്ടു പതിറ്റാണ്ട് കാലമായി നടപ്പില്‍ വരുത്താത്തത് മൂലം കോടികളുടെ വരുമാനവും,വന്‍കിട വികസന പദ്ധതികള്‍ക്കായുള്ള ഫണ്ടുമാണ് കുമ്പള ഗ്രാമപഞ്ചായത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതെന്നും മൊഗ്രാല്‍ ദേശീയവേദി വികസന പദ്ധതി രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പൂര്‍ത്തിയായി കിടക്കുന്ന കുമ്പള മത്സ്യ മാര്‍ക്കറ്റും,ബദിയടുക്ക റോഡിലുള്ള ശൗചാലയമടക്കമുള്ള വഴിയോര വിശ്രമ കേന്ദ്രവും അടിയന്തിരമായി തുറന്നു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
കുമ്പള സി എച്ച് സി കെട്ടിട നവീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചതായി പറയുന്ന തുക വിനിയോഗിച്ച് പദ്ധതി നവീകരണം വേഗത്തിലാക്കാന്‍ കുമ്പള ഗ്രാമപഞ്ചായത്ത് ഇടപെടല്‍ നടത്തുക തുടങ്ങിയവയും പദ്ധതി രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.
കുമ്പളയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും ഇതിനായി ആരിക്കാടി കോട്ട,തീരദേശ മേഖല,പുഴയോരം എന്നിവ ഉപയോഗപ്പെടുത്തണമെന്നും പദ്ധതി രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനായി നാരായണമംഗലത്ത് നടപ്പിലാക്കുന്ന ‘പുനര്‍ ഗ്രേഹം” പദ്ധതി വേഗത്തിലാക്കാന്‍ ഇടപെടല്‍ നടത്തുക,
സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള പാതിവഴിയില്‍ ഉപേക്ഷിച്ച കുമ്പള മുജുംഗാവിലെ ‘യക്ഷഗാന കലാ കേന്ദ്രം” പൂര്‍ത്തിയാക്കാന്‍ കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഇടപെടല്‍ നടത്തുക,
കിദൂരില്‍ പൂര്‍ത്തിയായി കിടക്കുന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘പക്ഷി ഗ്രാമം പദ്ധതി” വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ ഇടപെടല്‍ നടത്തുക,സംസ്ഥാന ജലസേചന വകുപ്പിന്റെ പരിഗണനയിലുള്ള മൊഗ്രാല്‍ ‘കാടിയംകുളം” നവീകരണ പദ്ധതി യുദ്ധ കാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്താന്‍ ഇടപെടല്‍ നടത്തുക,
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് മഴക്കാലത്ത് 25- ഓളം കുടുംബങ്ങള്‍ക്ക് ദുരിതമായി മാറുന്ന ‘വെള്ളക്കെട്ട്” ഒഴിവാക്കാന്‍ കുമ്പള ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പദ്ധതി രേഖയില്‍ മൊഗ്രാല്‍ ദേശീയവേദി മുന്നോട്ടുവയ്ക്കുന്നുണ്ട്.
കുമ്പളയുടെ മുഖച്ഛായ തന്നെ മാറ്റാനുള്ള കുമ്പള റെയില്‍വേ സ്റ്റേഷന്‍ വികസനം(സാറ്റലൈറ്റ്/ടെര്‍മിനല്‍ സ്റ്റേഷന്‍)നടപ്പിലാക്കാന്‍ കുമ്പള ഗ്രാമപഞ്ചായത്ത് ഇടപെടല്‍ നടത്തുക,കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കുമ്പളയില്‍ സ്റ്റോപ്പ് അനുവദിച്ചു കിട്ടാന്‍ ഇടപെടല്‍ നടത്തുക,
റെയില്‍വേ വികസനം മൂലം കുമ്പള ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയില്‍ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ റെയില്‍വേ”മേല്‍ നടപ്പാതകള്‍’ നിര്‍മ്മിക്കാന്‍ കുമ്പള ഗ്രാമപഞ്ചായത്ത് ഇടപെടല്‍ നടത്തുക,
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന്റെ ഭാഗമായുള്ള മൊഗ്രാല്‍ പുഴയോരത്തെയും, കടലിനെയും ബന്ധിപ്പിക്കുന്ന പച്ചക്കാട്ടിലേക്ക് കൊപ്പളം തീരദേശ ലിങ്ക് റോഡില്‍ നിന്ന് പുഴയോരത്ത് കൂടി റോഡ് നിര്‍മ്മിക്കാന്‍ ഇടപെടല്‍ നടത്തുക, പച്ചക്കാട്ടില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉതകുന്ന ‘പുലിമുട്ട്” പദ്ധതിക്കായി ഇടപെടല്‍ നടത്തുക,ഇവിടെനിന്ന് മൊഗ്രാല്‍ പുത്തൂരിനെ ബന്ധിപ്പിക്കുന്ന പാലത്തിനായും ഇടപെടല്‍ നടത്തുക എന്നീ ആവശ്യങ്ങളും പദ്ധതി രേഖയില്‍ ഉന്നയിക്കുന്നുണ്ട്.
കുമ്പളയിലെ തെരുവോര കച്ചവടക്കാര്‍ക്കായി കാസര്‍ഗോഡ് നഗരസഭ മാതൃകയില്‍ ‘പുനരധിവാസ കടമുറികള്‍” അനുവദിച്ചു നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കുക,
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ള തകര്‍ച്ചയെ നേരിടുന്നതും,ഗതാഗതം നിരോധിച്ചതുമായ കൊടിയമ്മ-കഞ്ചിക്കട്ട പാലം പുനര്‍നിര്‍മ്മിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുക,
അവഗണന നേരിടുന്ന എസ് സി കോളനികളിലെ കുടിവെള്ള പദ്ധതികള്‍ നവീകരിക്കുക, അവിടങ്ങളിലുള്ള പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ‘ടിവി സെന്ററുകള്‍” നവീകരിക്കുക
തുടങ്ങിയ ആവശ്യങ്ങളാണ് മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിപി അബ്ദുല്‍ഖാദര്‍ ഹാജിക്ക് സമര്‍പ്പിച്ചത്.
ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ വികസന പദ്ധതികളെ കുറിച്ചുള്ള പദ്ധതി രേഖ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഹാജിക്ക് മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ സമര്‍പ്പിക്കുന്നു.




