Home Sports ചതുരംഗക്കളത്തിലെ സൂപ്പര്‍ പവര്‍

ചതുരംഗക്കളത്തിലെ സൂപ്പര്‍ പവര്‍

by KCN CHANNEL
0 comment

ചെസ് ലോകത്തെ സൂപ്പര്‍ പവറായി ഇന്ത്യ മാറിക്കഴിഞ്ഞെന്നു തെളിയിക്കുന്നതാണ് ഹംഗറിയിലെ ബുദാപെസ്റ്റില്‍ കഴിഞ്ഞദിവസം അവസാനിച്ച ചെസ് ഒളിമ്പ്യാഡിലെ ഇരട്ട സുവര്‍ണനേട്ടം. ഓപ്പണ്‍ വിഭാഗത്തിലും വനിതകളിലും 2022-ലെ വെങ്കലനേട്ടത്തില്‍നിന്നാണ് ഇക്കുറി സ്വര്‍ണത്തിലെത്തിയത്.

ഓപ്പണ്‍ വിഭാഗത്തില്‍ ഇക്കുറി ടീമിലുള്ളവരെല്ലാം രണ്ടുവര്‍ഷംമുന്‍പ് ഇന്ത്യയില്‍ നടന്ന ചെസ് ഒളിമ്പ്യാഡിലും പങ്കെടുത്തിരുന്നു. ആതിഥേയരെന്ന നിലയില്‍ അന്ന് ഇന്ത്യയുടെ മൂന്ന് ടീം പങ്കെടുത്തിരുന്നു. ഗുകേഷും പ്രഗ്നാനന്ദയും മലയാളിതാരം നിഹാല്‍ സരിനുമടങ്ങിയ രണ്ടാം ടീമാണ് അന്ന് വെങ്കലം നേടിയത്. ഇത്തവണ ശക്തമായ ഒറ്റ ടീമിനെ അവതരിപ്പിച്ച് സ്വര്‍ണം പിടിച്ചെടുത്തു.

‘ഫൈനലി’ന് ഗുകേഷ്.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 13 വരെ സിങ്കപ്പൂരില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പ് എന്നനിലയിലാണ് ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി. ഗുകേഷും ഒളിമ്പ്യാഡിനെത്തിയത്.

പത്തു മത്സരം കളിച്ച ഗുകേഷ് എട്ടു ജയവും രണ്ടു സമനിലയുമായി ഒമ്പതു പോയിന്റോടെ വ്യക്തിഗത സ്വര്‍ണം നേടി. പത്താംറൗണ്ടില്‍, മൂന്നാംറാങ്കിലുള്ള യു.എസ്.എ.യുടെ ഫാബിയാനോ കരുവാനയെ തോല്‍പ്പിക്കാനായത് ഗുകേഷിന്റെ ആത്മവിശ്വാസം കൂട്ടും. എട്ടു മത്സരം കളിച്ച ഡിങ് ലിറന് ഒരു ജയംപോലുമില്ല. ഒരു മത്സരം തോറ്റു. ഏഴു സമനിലയോടെ നേടിയത് മൂന്നര പോയിന്റുമാത്രം. ഗുകേഷുമായുള്ള മത്സരം ഒഴിവാക്കാനായിരിക്കണം, ഇന്ത്യ-ചൈന മത്സരത്തില്‍ ലിറന്‍ ഇറങ്ങിയില്ല. ഫിഡേ റേറ്റിങ്ങില്‍ ലിറന്‍ 15-ാം സ്ഥാനത്തും ഗുകേഷ് ഏഴാമതുമാണ്.

ഇന്ത്യയുടെ അര്‍ജുനന്‍.

ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ വിജയത്തിന് യഥാര്‍ഥത്തില്‍ ചുക്കാന്‍പിടിച്ചത് 21 വയസ്സുകാരന്‍ അര്‍ജുന്‍ എരിഗാസിയായിരുന്നു. ഒളിമ്പ്യാഡിലെ 11 മത്സരങ്ങളും കളിച്ച അര്‍ജുന്‍ ഒമ്പതു ജയവും രണ്ടു സമനിലകളുമായി പത്തു പോയിന്റോടെ വ്യക്തിഗത സ്വര്‍ണം നേടി. പ്രഗ്നാനന്ദയുടെയും ഗുകേഷിന്റെയും നേട്ടങ്ങള്‍ക്കിടയില്‍ ഇതുവരെ എരിഗാസിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. ഇപ്പോള്‍ നാലാം റാങ്കിലുള്ള അര്‍ജുന്‍ റാങ്ക് ഇനിയും മെച്ചപ്പെടുത്തിയേക്കും.

ഇന്ത്യന്‍വിജയത്തില്‍ നിര്‍ണായകപങ്കു വഹിച്ച മറ്റൊരാള്‍ വിദിത് സന്തോഷ് ഗുജറാത്തിയാണ്. 24-ാം റാങ്കിലുള്ള വിദിത് ഒളിമ്പ്യാഡില്‍ തോല്‍വിയറിഞ്ഞില്ല. അഞ്ചു വിജയവും അഞ്ചു സമനിലയുമായി ഏഴര പോയിന്റു നേടി. പന്ത്രണ്ടാം റാങ്കുകാരനായ ആര്‍. പ്രഗ്നാനന്ദ ഒരു മത്സരത്തില്‍ തോറ്റെങ്കിലും പത്തു കളിയില്‍ ആറു പോയിന്റ് നേടി ടീം വിജയത്തില്‍ നിര്‍ണായക പിന്തുണ നല്‍കി. മുതിര്‍ന്ന താരമായ പി. ഹരികൃഷ്ണ കുഞ്ഞനുജന്മാര്‍ക്ക് സര്‍വ പിന്തുണയുമായി റിസര്‍വ് താരമായി നിന്നു. മൂന്നു മത്സരം കളിച്ച ഹരികൃഷ്ണയ്ക്ക് രണ്ടു ജയവും ഒരു സമനിലയുമുണ്ട്.

ദിവ്യം വിജയം.

മുന്‍നിരതാരം കൊനേരു ഹംപി ഇല്ലാതെ ഇറങ്ങിയിട്ടും വനിതാവിഭാഗത്തില്‍ സ്വര്‍ണം നേടാനായി. അവിടെ ഇന്ത്യന്‍ പടയോട്ടം നയിച്ചത് ദിവ്യ ദേശ്മുഖും വന്തികാ അഗര്‍വാളുമാണ്. 15-ാം റാങ്കുകാരിയായ ദിവ്യ 11 മത്സരം കളിച്ച് തോല്‍വിയറിയാതെ ഒമ്പതര പോയിന്റുനേടി. എട്ടു ജയം, മൂന്നു സമനില. 75-ാം നമ്പര്‍ താരമായ വന്തികാ അഗര്‍വാളിന്റെ പ്രകടനം സ്വപ്നസമാനമായിരുന്നു. ഒമ്പതു മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഏഴര പോയിന്റുനേടി. മൂന്നു മത്സരം തോറ്റ ഡി. ഹരികയും രണ്ടു മത്സരം തോറ്റ ആര്‍. വൈശാലിയും അവസാന മത്സരങ്ങളില്‍ അവസരത്തിനൊത്തുയര്‍ന്നു. ഹരിക ഒമ്പതു മത്സരങ്ങളില്‍ നാലര പോയിന്റും വൈശാലി പത്തു മത്സരങ്ങളില്‍ ആറു പോയിന്റും നേടി.

ആനന്ദ് എഫക്ട്.

മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ പ്രോത്സാഹനം ടീമിന് ഊര്‍ജമായി. ഗുകേഷും പ്രഗ്യാനന്ദയും എരിഗാസിയും വൈശാലിയും ആനന്ദിന്റെ ‘വാക’ അക്കാദമിയില്‍ പരിശീലനം നേടിയവരാണ്. ബുദാപെസ്റ്റില്‍ ടീമിനൊപ്പം സാക്ഷിയായി ആനന്ദുമുണ്ടായിരുന്നു. ‘ഇന്ത്യന്‍ ചെസ് വളര്‍ച്ചയുടെ പിതാവ്’ എന്ന് ഫിഡെ ആനന്ദിനെ വിശേഷിപ്പിച്ചത് വെറുതെയല്ല. അതേസമയം, ഒന്നാം റാങ്കുകാരനായ നോര്‍വേയുടെ മാഗ്നസ് കാള്‍സണ് ഒളിമ്പ്യാഡില്‍ തിളങ്ങാനായില്ല. എട്ടു മത്സരം കളിച്ച കാള്‍സണ്‍ ഒരു തോല്‍വിയും രണ്ടുസമനിലകളുമായി മടങ്ങി. നോര്‍വേക്ക് ആദ്യ പത്തില്‍ എത്താനായില്ല.

ആഘോഷത്തിന് രോഹിത്-മെസ്സി സ്റ്റൈല്‍.

ന്യൂഡല്‍ഹി: ചെസ് ഒളിമ്പ്യാഡില്‍ ഇരട്ടസ്വര്‍ണം നേടിയ ഇന്ത്യന്‍താരങ്ങളുടെ ആഘോഷം മെസ്സി-രോഹിത് ശൈലിയില്‍. 2022 ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന ജേതാക്കളായപ്പോള്‍ കിരീടം സ്വീകരിക്കാന്‍ മെസ്സി എത്തിയത് പ്രത്യേക ചുവടുകളോടെയാണ്. ഈവര്‍ഷം ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ രോഹിത് ശര്‍മ ഈ ശൈലി അനുകരിച്ചിരുന്നു. ഞായറാഴ്ചരാത്രി ബുദാപെസ്റ്റിലെ പോഡിയത്തില്‍ ത്രിവര്‍ണപ്പതാകയ്ക്ക് പുറകിലായി നില്‍ക്കുന്ന ചെസ്താരങ്ങള്‍ക്കു മുന്നിലേക്ക് ഡി. ഗുകേഷും താനിയ സച്ദേവും ട്രോഫിയുമായി പ്രത്യേക ചുവടുമായെത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഗുകേഷും സച്ദേവും ഇരുവശങ്ങളില്‍നിന്നുമായിവന്ന് ട്രോഫി പുറകിലുള്ളവര്‍ക്ക് കൈമാറുന്നതും എല്ലാവരും ചേര്‍ന്ന് വിജയം ആഘോഷിക്കുന്നതും കാണാം.

You may also like

Leave a Comment