റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഇന്ന് തുടങ്ങും. ഒക്ടോബര്‍ അഞ്ച് വരെ റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ സംഘടിപ്പിക്കുന്ന മേളയിലേക്കുള്ള പ്രവേശന ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് ‘വി ബുക്’ വെബ്‌സൈറ്റിലോ ആപ്പിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ലിറ്ററേച്ചര്‍-പബ്ലിഷിങ്-ട്രാന്‍സ്ലേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. https://webook.com/ar/events/riyadh-international-book-fair-tickets എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഇ മെയിലായി പ്രവേശന പാസിന്റെ ക്യു ആര്‍ കോഡ് ലഭിക്കും. ഇത് കൊണ്ട് പ്രദര്‍ശന നഗരിയില്‍ പ്രവേശിക്കാനും അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയിലും അതിലെ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാനും കഴിയും. സന്ദര്‍ശകരുടെ പ്രവേശനം വേഗത്തിലാക്കാനും മേളനഗരിയിലെ രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ സമയം ലാഭിക്കാനും ഇ-രജിസ്‌ട്രേഷന്‍ സഹായിക്കുന്നു. പുസ്തകങ്ങള്‍ക്കും സംസ്‌കാരത്തിന്റെയും കലയുടെയും അന്തരീക്ഷത്തിനുമിടയില്‍ ആസ്വാദ്യകരമായ ഒരു സാംസ്‌കാരിക അനുഭവം ആസ്വദിക്കാനും സാഹിത്യം, വൈജ്ഞാനികം, ശാസ്ത്രം, മതം തുടങ്ങി വിവിധ മേഖലകളില്‍ ഏറ്റവും പുതിയ തലക്കെട്ടുകള്‍ അറിയാനും ഇതിലൂടെ സാധിക്കുന്നു.
പ്രതീക്ഷിക്കുന്ന സന്ദര്‍ശകരെ രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കാനും നിയന്ത്രിക്കാനും ഇ-രജിസ്‌ട്രേഷന്‍ സംഘാടകരെ അനുവദിക്കുന്നു. സന്ദര്‍ശകരിലെ വിഭാഗങ്ങളെ ഇലക്ട്രോണിക്കായും എളുപ്പത്തിലും തിരിച്ചറിയാനും അതോറിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ ഭാവിയില്‍ അവരുമായി സജീവമായി ആശയവിനിമയം നടത്താനും സാധിക്കുന്നുവെന്നും അതോറിറ്റി പറഞ്ഞു.
അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പുസ്തക മേളകളിലൊന്നാണ് റിയാദ് പുസ്തകമേള. രാജ്യത്തിന്റെ സംസ്‌കാരം, വിജ്ഞാന ഉല്‍പ്പാദനം, പ്രസിദ്ധീകരണ മേഖല എന്നിവയെ സമ്പന്നമാക്കുന്നതിലും വായനാ സംസ്‌കാരം ഊട്ടിയുറപ്പിക്കുന്നതിലും ഇത് വലിയ പങ്കുവഹിക്കുന്നു. സാഹിത്യം, ചിന്ത, സംസ്‌കാരം, പ്രസിദ്ധീകരണം എന്നീ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തത്തോടെയാണ് ഈ വര്‍ഷത്തെ പ്രദര്‍ശനം നടക്കുന്നത്. എല്ലാ പ്രായക്കാര്‍ക്കും വിവിധ താല്‍പ്പര്യങ്ങള്‍ക്കും അനുയോജ്യമായ വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും സാംസ്‌കാരിക പരിപാടിയില്‍ ഉള്‍പ്പെടുന്നു. 2,000-ലധികം പ്രാദേശിക, അറബ്, അന്തര്‍ദേശീയ പ്രസിദ്ധീകരണശാലകളുടെയും ഏജന്‍സികള്‍ പുസ്തമേളയില്‍ പങ്കെടുക്കും.