കാസര്‍കോട്: കയ്യാര്‍ കണ്ണങ്കാടിയിലെ മുഹമ്മദിന് ആശ്വസിക്കാം. മുഹമ്മദ്
ഇന്ത്യന്‍ പൗരനല്ലെന്നും വോട്ടര്‍പട്ടികയില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. പരാതിക്കാരന്‍ ഹിയറിങ്ങില്‍ ഹാജരായെങ്കിലും ആരോപണത്തിന് ബലം നല്‍കുന്ന രേഖാപരമായ തെളിവ് സമര്‍പ്പിക്കാന്‍ സാധിച്ചില്ല. തെറ്റായ വിവരങ്ങള്‍ നല്‍കിയ പരാതിക്കാരനെതിരേ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ അറിയിച്ചു.
ബി.ജെ.പി. ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ്, മുഹമ്മദ് (55) ഇന്ത്യന്‍ പൗരനല്ലെന്ന് കാണിച്ച് പരാതി നല്‍കിയത്. സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് പ്രദേശത്തെ മറ്റ് ആറുപേരുടെയും വോട്ട് തള്ളുന്നതിനായി ഫോറം ഏഴില്‍ അപേക്ഷ നല്‍കിയിരുന്നു. ആ ഏഴുപേരും മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗ്രാമപ്പഞ്ചായത്തിലെ 128-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരുമാണ്. പൗരത്വം ചോദ്യം ചെയ്തതുള്‍പ്പെടെ വോട്ട് തള്ളിക്കാന്‍ പരാതി ഉന്നയിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വിഭാഗം സംഭവത്തില്‍ വിശദപരിശോധന നടത്തിയത്. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരാതി നല്‍കുന്നത് ജനപ്രാതിനിധ്യനിയമം 1950-ലെ സെക്ഷന്‍ 31 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ബന്ധപ്പെട്ട വ്യക്തിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കും. വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ഫോം ഏഴ് പ്രകാരം എതിര്‍പ്പ് സമര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാണെങ്കിലും, ഉദ്ദേശ്യപൂര്‍വം വ്യാജവിവരങ്ങള്‍ നല്‍കി ജനാധിപത്യപ്രക്രിയയെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങള്‍ കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
അടിസ്ഥാനരഹിതമായ പരാതികള്‍ പൊതുജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാല്‍ എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കേസില്‍ തിങ്കളാഴ്ച നിയമനടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.




