ദുബായ് കാസര്‍കോട്ട് വോട്ടര്‍മാരുടെ പേരു വെട്ടാന്‍ ബിജെപി പരാതി
നല്‍കിയെന്ന ആരോപണം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തള്ളി. അനധികൃത കുടിയേറ്റക്കാര്‍ക്ക് വോട്ടവകാശം പാടില്ലെന്നു മാത്രമാണ് ബിജെപിയുടെ നിലപാട്. യഥാര്‍ഥ വോട്ടര്‍മാരില്‍ ആരുടെയെങ്കിലും പേരു വെട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ട്. കാര്യങ്ങള്‍ മനസിലാക്കാതെ ബിജെപിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതില്‍ അര്‍ഥമില്ല. ആരെയും ഒഴിവാക്കാന്‍ ബിജെപി ശ്രമിക്കില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
എസ്എന്‍ഡിപിയുടെ സാംസ്‌കാരിക സംഘടനയായ സേവനം അജ്മാനില്‍ സംഘടിപ്പിച്ച ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഓഗസ്റ്റില്‍ തന്നെ തുടങ്ങിയെന്നും ഇലക്ഷനായി ബിജെപി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതുവരെ വികസനം ഉണ്ടായിട്ടില്ല. നൂറു ശതമാനവും വിവാദമാണ്.
10 കൊല്ലം കേന്ദ്രം ഒന്നും തന്നില്ലെന്നു പറയുന്നവരോട് എല്ലാം ശരിയാക്കും എന്നു പറഞ്ഞ നിങ്ങള്‍ എന്താണ് ചെയ്തതെന്നാണ് തിരിച്ചു ചോദിക്കാനുള്ളത്. മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് അദ്ദേഹം വീണ്ടും വെല്ലുവിളിച്ചു. സംവാദത്തില്‍ കൂടുതല്‍ സമയം മുഖ്യമന്ത്രി എടുത്തോട്ടെ അതിനെ പൊളിക്കാന്‍ തനിക്ക് 15 മിനിറ്റ് മതിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എയിംസ് വരാന്‍ ബജറ്റ് പ്രഖ്യാപനം വേണ്ട. വന്ദേഭാരത് കേരളത്തിലൂടെ ഓടുന്നത് ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലല്ല. എയിംസിനു സംസ്ഥാന സ്ഥലം ഏറ്റെടുത്തു നല്‍കാത്തതു മാത്രമാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനൊപ്പം പ്രഖ്യാപിച്ച മധുര എയിംസ് പൂര്‍ത്തിയായി. അവിടെ കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. ഇവിടെ സ്ഥലം റെഡിയാണെങ്കില്‍ എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ പോകുമ്പോള്‍ മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ മാത്രം കാണാത്തത്. കൊല്ലത്ത് ഇഎസ്‌ഐ ആശുപത്രിയെ മെഡിക്കല്‍ കോളജ് ആക്കാനുള്ള പദ്ധതി കേന്ദ്രം അനുമതി നല്‍കിയിട്ടും കേരളം എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല.
ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പോലെ സംസ്ഥാനം വിഹിതം നല്‍കേണ്ട പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അത് ഏറ്റെടുക്കാന്‍ കേരളത്തിനു കഴിയുമോ? കേരളം കടത്തില്‍ മുങ്ങി നില്‍ക്കുകയാണ്. 100 രൂപയുണ്ടെങ്കില്‍ അതില്‍ 92 രൂപയും കടം തിരിച്ചടയ്ക്കാനുള്ളതാണ്. ബാക്കി 8 രൂപ കൊണ്ട് വികസനം നടക്കില്ല. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.




