നീലേശ്വരം : ജില്ലയിലെ ശുദ്ധജല സ്രോതസ്സായ പടന്നക്കാട് തീര്‍ഥങ്കര തടാകം സംരക്ഷിക്കാനാളില്ലാതെ നാശത്തിലേക്ക്. മഹാവിഷ്ണു ക്ഷേത്രത്തിനുവേണ്ടി ഗംഗയില്‍നിന്ന് ആവാഹിച്ചെടുത്തതിനാല്‍ തീര്‍ഥസംഭരണിയാണെന്നാണ് വിശ്വാസം.
ഈ കുളത്തില്‍ നിറയെ ഇന്ന് ആഫ്രിക്കന്‍ പായലുകളാണ്. പൗരാണികമായ കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രവുമായും നീലേശ്വരം രാജവംശവുമായും അഭേദ്യമായ ബന്ധമുള്ളതാണ് ഈ തടാകമെന്ന് പറയപ്പെടുന്നു.
കാഞ്ഞങ്ങാട് നഗരസഭ തയ്യാറാക്കിയ വികസന രേഖയില്‍ തീര്‍ഥങ്കര
ജൈവവൈവിധ്യ സമ്പന്നം
കാര്‍ഷിക കോളേജിന്റെ ഉടമസ്ഥതയിലാണ് നിലവില്‍ തടാകമുള്ളത്.
ജൈവവൈവിധ്യംകൊണ്ട് സമ്പന്നമായ തീര്‍ഥക്കുളത്തെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെങ്കിലും പലതരത്തിലുള്ള ദേശാടന പക്ഷികള്‍ ഇവിടെയെത്താറുണ്ട്. വിവിധയിനം പൂമ്പാറ്റകളും ഇവിടെയെത്തുന്നുണ്ട്.
ശുദ്ധജല തടാകം കേന്ദ്രീകരിച്ച് കുമരകം മാതൃകയില്‍ പക്ഷിവളര്‍ത്തുകേന്ദ്രവും അക്വേറിയവും മിനി കാഴ്ചബംഗ്ലാവും സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ഫിഷറീസ് വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും മാറി മാറി കൈകാര്യംചെയ്ത തടാകം ഇന്ന് അനാഥമായെന്ന് പ്രദേശവാസികള്‍ പറയുന്നു.
കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും
തൊട്ടടുത്ത പ്രദേശങ്ങള്‍ കനത്ത വരള്‍ച്ചയിലും ഉപ്പുവെള്ളക്കെടുതിയിലും ദാഹജലത്തിനായി മുറവിളികൂട്ടുമ്പോള്‍ ഇവിടെ 10 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ഈ ശുദ്ധജലതടാകം സംരക്ഷണമില്ലാതെ പായല്‍ നിറഞ്ഞ് കിടക്കുന്നു.
കൊടും വേനലിലും വറ്റാത്ത ഈ തടാകം സംരക്ഷിച്ചാല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരംകാണാന്‍ കഴിയും. ചെളിയും ആഫ്രിക്കന്‍ പായലുകളും നിറഞ്ഞുനില്‍ക്കുകയാണ് നിലവില്‍ ഈ തടാകം.
കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്കും മുതല്‍ക്കൂട്ടാകും. ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നീന്തല്‍ പരിശീലന കേന്ദ്രംകൂടിയായിരുന്നു തടാകം.
സംരക്ഷിക്കണം -കോണ്‍ഗ്രസ്
തീര്‍ഥക്കുളത്തെ അനാഥമാക്കാതെ സംരക്ഷിക്കണമെന്ന് തീര്‍ത്ഥങ്കര വാര്‍ഡ് കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി. സെക്രട്ടറി എം. അസിനാര്‍ യോഗം ഉദ്ഘാടനംചെയ്തു. വാര്‍ഡ് പ്രസിഡന്റ് ബാലകൃഷ്ണന്‍ മാടായി അധ്യക്ഷനായി. സുരേഷ് കൊട്രച്ചാല്‍, വി.വി. ശോഭ, വെങ്ങാട്ട് കണ്ണന്‍, രാജന്‍ കാര്യത്ത്, രേഷ്മ സജീവന്‍, പ്രേമ മാടായി, എന്‍. ഷീബ, കണ്ണന്‍ മിലിട്ടറി, കരുണാകരന്‍ മാണിക്കോത്ത്, അശോകന്‍ കാരണവര്‍, മണി കാരക്കടവ്, സജിത വിനോദ്, ഗൗരി ഗണേഷ്, അദ്വൈത് കൊക്കോട്ട്, കെ. ശിവറാം, കെ.പി. പ്രകാശന്‍, ലളിത അശോകന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കെ.പി. പ്രകാശനെ യോഗം തിരഞ്ഞെടുത്തു.




