വരുന്നു, നീലേശ്വരം ബ്ലോക്കില്‍ സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്ക്

നീലേശ്വരം : കെ-സ്മാര്‍ട്ടില്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം. ഭക്ഷ്യ സ്വയംപര്യാപ്തത, മികച്ച ആരോഗ്യ പരിരക്ഷ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പ്രഥമ ബജറ്റ് അവതരിപ്പിച്ചത്.

20.56 കോടി രൂപ വരവും 19.72 കോടി രൂപ ചെലവും 84.44 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജു അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി അധ്യക്ഷയായി.
2.32 കോടി രൂപ ആരോഗ്യമേഖലയ്ക്കായി വകയിരുത്തി. തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ ആശുപത്രികളുടെ ആരോഗ്യവത്കരണത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമേകിയ സ്‌നേഹപഥം പദ്ധതിയെ കാലികമായി പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനവും ബജിറ്റിലുണ്ട്. ബ്ലോക്ക് പരിധിയിലെ മൃഗസംരക്ഷണമേഖലയിലെ കര്‍ഷകരുടെ ദീര്‍ഘകാല സ്വപ്നമായ സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്ക് ഇത്തവണ നടപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ വൈസ് പ്രസിഡന്റ് കെ. രാജു പറഞ്ഞു.

തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌റ് സാജിത സഫറുള്ള, കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി.വി. ജാനകി, പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം അധ്യക്ഷരായ പി.ബി. ഷീബ, ടി.കെ. പ്രദീഷ്, കെ. പൂമണി, അംഗങ്ങളായ പി.പി. സുകുമാരന്‍, പി. സനല്‍, കെ. അഷറഫ്, സി.ടി. ശ്രീലത, എ.പി. മുഹമ്മദലി, വി.പി. സുനീറ, എം.ടി.പി. ഷാഹിന, കെ. സിന്ധു, പി. രവീന്ദ്രന്‍, ആസൂത്രണ ഉപാധ്യക്ഷന്‍ എ.എം. ബാലകൃഷ്ണന്‍, സെക്രട്ടറി ടി. രാഗേഷ്, വാസുദേവന്‍ എറുവാട്ട് എന്നിവര്‍ സംസാരിച്ചു.

Scroll to Top