ശംസുല്‍ ഉലമ അവാര്‍ഡ് സി.കെ.കെ മാണിയൂരിന്

കാസര്‍കോട്: SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി വര്‍ഷങ്ങളായി റമളാനോടനുബന്ധിച്ച് നല്‍കി വരാറുള്ള ശംസുല്‍ ഉലമ അവാര്‍ഡിന് ഈ വര്‍ഷം പ്രമുഖ മത-സാമൂഹിക പ്രവര്‍ത്തകനായ സി.കെ.കെ മാണിയൂരിനെ തെരഞ്ഞെടുത്തതായി . ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമിയും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന മാതൃകാപരമായ വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ച സംഘാടകനാണ് സി.കെ.കെ മാണിയൂര്‍.
ശംസുല്‍ ഉലമയായ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ സഹവര്‍ത്തിത്വവും സേവനവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനജീവിതത്തിന് ആത്മീയ ദിശാബോധം നല്‍കിയിട്ടുണ്ട്. മാണിയൂര്‍ പാറാല്‍ പള്ളിയുടെയും മഹല്ല് സംവിധാനങ്ങളുടെയും വളര്‍ച്ചയ്ക്കായി ജീവിതകാലം മുഴുവന്‍ സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം.
പാറാല്‍ മഹല്ലിലെ ആഭ്യന്തര സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കൂളാട്ട് മാമു മുസ്ലിയാരാണ് പിതാവ്. പാളത്തുങ്കര റമളാന്‍ ഷൈഖ്തങ്ങള്‍ കുടുംബത്തിലെ സി.കെ. സൈനബയാണ് മാതാവ്.
ആടൂര്‍ ജുമാമസ്ജിദ്, മാട്ടൂല്‍ മടക്കര ജുമാമസ്ജിദ്, എടയന്നൂര്‍ ജുമാമസ്ജിദ്, ചെമ്പിലോട് ജുമാമസ്ജിദ് എന്നിവിടങ്ങളിലെ ദര്‍സുകളില്‍ അടിസ്ഥാന മതപഠനം നടത്തി. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഇര്‍ഷാദുല്‍ മുസ്ലിമിന്‍ അറബിക് കോളേജിലും കോഴിക്കോട് കുറ്റിച്ചിറ ജലാലിയ്യ അറബിക് കോളേജിലും ഉപരിപഠനം നേടി. കെ. മാമു മുസ്ലിയാര്‍, മൂലയില്‍ അബ്ദുറഹ്‌മാന്‍ ഹാജി തങ്ങള്‍, സി. കുട്ടാലി മുസ്ലിയാര്‍, സയ്യിദ് ഹാഷിം കുഞ്ഞിക്കോയ തങ്ങള്‍, ഹബീബുള്ള മാലവി തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നു.
1993-ല്‍ സംസ്ഥാന തലത്തില്‍ സംഘടനാ രംഗത്തേക്ക് കടന്നുവന്ന് സുന്നിയുവജന സംഘം (SYS) സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയുമായി വര്‍ഷങ്ങളോളം സേവനം അനുഷ്ഠിച്ചു. സുന്നി മഹല്ല് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, കാസര്‍കോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രഥമ കമ്മിറ്റിയുടെ കണ്‍വീനര്‍, എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സാമൂഹ്യ-രാഷ്ട്രീയ രംഗത്തും സജീവമായ അദ്ദേഹം കുട്ട്യാട്ടൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറായിരുന്നു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായും സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായും നീലേശ്വരം മണ്ഡല മുസ്ലിം ലീഗ് പ്രസിഡന്റായും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗമായും ദീര്‍ഘകാലം സേവനം നല്‍കി. ”ചന്ദ്രിക” പത്രത്തിന്റെ നീലേശ്വരം ലേഖകനായും നീലേശ്വരം പ്രസ്സ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ സുന്നിയുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും മാണിയൂര്‍ പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജ് പ്രസിഡന്റായും മാണിയൂര്‍ പാറാല്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയായും സേവനം തുടരുന്നു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ അദ്ദേഹം നീലേശ്വരം മര്‍കസുദ്ദവത്തില്‍ ഇസ്ലാമിയ്യയുടെ സ്ഥാപക നേതാവുമാണ്.
റമളാന്‍ പരിപാടികളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ശംസുല്‍ ഉലമ അവാര്‍ഡ് സമ്മാനിക്കും. ജില്ലയിലെ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

Scroll to Top