ഭരണാധികാരികളെ മഹത്വവല്‍ക്കരിക്കുന്നതിന് മുന്‍പ് അവരുടെ പ്രവൃത്തികള്‍ ഓര്‍ക്കണം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ്

കാസര്‍കോട്: രാജ്യത്ത് മുസ്ലീങ്ങളും മറ്റു ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ലെന്ന ആശങ്ക വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ ഭരണാധികാരികളെ അനാവശ്യമായി സ്തുതിക്കുന്ന സമീപനം സമൂഹത്തിന്റെ വേദനകളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
മതനേതൃത്വത്തിന്റെ മഹത്വം അധികാരകേന്ദ്രങ്ങളെ പ്രശംസിക്കുന്നതില്‍ അല്ല, മറിച്ച് സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് ഉറച്ച് നില്‍ക്കുന്നതിലാണെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി. രാജ്യത്ത് നടക്കുന്ന അനീതികളും വിവേചനങ്ങളും അവഗണിച്ച് ഭരണത്തെ മഹത്വവല്‍ക്കരിക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു. മതപണ്ഡിതന്മാര്‍ ചരിത്രപരമായി പീഡിതരുടെ പക്ഷത്ത് നിന്നവരാണെന്നും ആ പാരമ്പര്യം സംരക്ഷിക്കപ്പെടണമെന്നും യോഗം ആഹ്വാനം ചെയ്തു.
മുസ്ലീങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ അടിസ്ഥാന ബാധ്യതയാണെന്നും, അതിനെ ഓര്‍മ്മപ്പെടുത്തുകയും നീതിക്കായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്നതാണ് സമൂഹം മതനേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തപരമായ നിലപാടെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു. സൗഹാര്‍ദ്ദവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്ന വ്യക്തമായ നിലപാടുകള്‍ മാത്രമേ രാജ്യത്തിന്റെ ഐക്യത്തെയും സമാധാനത്തെയും ശക്തിപ്പെടുത്തുകയുള്ളൂ എന്നും യോഗം വിലയിരുത്തി.
മുന്‍കാലങ്ങളില്‍ നടന്നതുപോലെ ഈ വര്‍ഷവും എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണവും ഗ്രാന്‍ഡ് മജ്‌ലിസും മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയെ ചുമതലപ്പെടുത്തി.
ജില്ലാ ആംബുലന്‍സ് സേവനത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അന്‍വര്‍ തുപ്പക്കല്ലിനെ നിയോഗിച്ചു. സൗഹൃദ ഇഫ്താര്‍ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല ഇല്യാസ് ഹുദവിക്ക് നല്‍കി. എസ്.കെ.എസ്.എസ്.എഫ് സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിനായി അടിത്തട്ടിലേക്ക് സന്ദേശം കൈമാറുന്നതിന് യൂനുസ് ഫൈസിയെ ചുമതലപ്പെടുത്തി.
എല്ലാവര്‍ഷവും റമദാന്‍ മാസത്തില്‍ നല്‍കിവരുന്ന ശംസുല്‍ ഉലമ അവാര്‍ഡ് ഈ വര്‍ഷം സി.കെ.കെ. മാണിയൂര്‍ ഉസ്താദിന് നല്‍കാനും യോഗം തീരുമാനിച്ചു. ഈയടുത്ത് മരണപ്പെട്ട സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ യു.എം. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ക്ക് അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തി. കൂടാതെ ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിരയുടെ ഉപ്പയുടെ പെങ്ങളും, സമസ്ത സഹകാരി കുഞ്ഞഹമ്മദ് കളത്തിലിന്റെ ഉമ്മയുമായ ആമിനയ്ക്കായി പ്രത്യേക ദുആയും നടത്തി.
ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖപ്രഭാഷണം നടത്തി.
ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം, വൈസ് പ്രസിഡന്റ് യൂനുസ് ഫൈസി കാക്കടവ്, ജോയിന്‍ സെക്രട്ടറിമാരായ ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, റാഷിദ് ഫൈസി ആമത്തല, ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ ഫൈസല്‍ ദാരിമി ഉപ്പള, അന്‍വര്‍ തുപ്പക്കല്‍ ബദിയടുക്ക, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹാഷിം യു.കെ തൃക്കരിപ്പൂര്‍, ഇല്യാസ് ഹുദവി കുമ്പള, റാസിക്ക് ഹുദവി കുമ്പള എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Scroll to Top