കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണം പൂര്‍ത്തിയായി! മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു; ‘ഈ വികസനത്തിന് പിന്നിലെ യഥാര്‍ത്ഥ നായകന്‍ ഇദ്ദേഹമാണ്’!.

കാസര്‍കോട്: നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍-കറന്തക്കാട് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 2026 ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ റോഡ് നവീകരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തായലങ്ങാടിയില്‍ നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ റോഡ് വികസനത്തിന് തുല്യതയില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ച മുന്‍ നഗരസഭഅംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടിയെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ആദരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫ്, സിപിഎം നേതാവ് കെ എ മുഹമ്മദ് ഹനീഫ് മുന്‍ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

പൊതുമരാമത്ത് വിഭാഗം സൂപ്പര്‍വൈസിംഗ് എഞ്ചിനീയര്‍ മിനി പി.കെ സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍ പദ്ധതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
മുഹമ്മദ് കുഞ്ഞി തായലങ്ങാടി: വികസനത്തിന് പിന്നിലെ ചാലകശക്തി

റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി വഹിച്ച പങ്ക് വാക്കുകള്‍ക്ക് അപ്പുറമാണെന്ന് മുന്‍ നഗരസഭചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ സാക്ഷ്യപ്പെടുത്തുന്നു. ട്രാഫിക് ജംഗ്ഷന്‍ മുതല്‍ ക്ലോക്ക് ടവര്‍ വരെയുള്ള ഭാഗം വീതി കൂട്ടുന്നതിന് കെട്ടിട ഉടമകളുമായി ചര്‍ച്ച നടത്താനും അവരെ അനുനയിപ്പിക്കാനും മുഹമ്മദ് കുഞ്ഞി നടത്തിയ ചടുലമായ നീക്കങ്ങളാണ് ഫലം കണ്ടത്. കോമ്പന്‍സേഷന്‍ പാക്കേജുകള്‍ ഇല്ലാതിരുന്നിട്ടും സ്ഥലം സ്വമേധയാ വിട്ടുനല്‍കാന്‍ ഉടമകള്‍
തയ്യാറായത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മൂലമായിരുന്നു.
തൊഴിലാളികള്‍ക്കൊപ്പം അദ്ധ്വാനിച്ച ജനപ്രതിനിധി
വെറുമൊരു കൗണ്‍സിലറായി സ്റ്റേജുകളില്‍ ഇരിക്കാനല്ല മുഹമ്മദ് കുഞ്ഞി ഇഷ്ടപ്പെട്ടതെന്ന് മുനീര്‍ ഓര്‍ക്കുന്നു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് മുതല്‍ ഒരു സൂപ്പര്‍വൈസറെപ്പോലെ അദ്ദേഹം സൈറ്റിലുണ്ടായിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനും നിര്‍മ്മാണ പ്രവൃത്തികളിലും തൊഴിലാളികള്‍ക്കൊപ്പം കൈ സഹായവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും തെറികളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും നാടിന്റെ വികസനത്തിനായി അദ്ദേഹം ഉറച്ചുനിന്നു.

സാധാരണക്കാര്‍ക്കൊപ്പം നിലയുറപ്പിച്ച വ്യക്തി
റോഡിലെ ഹാന്‍ഡ്രെയിലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ അധികൃതര്‍ക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ മുഹമ്മദ് കുഞ്ഞിക്ക് മടിയുണ്ടായിരുന്നില്ല. വര്‍ഷങ്ങളായി അവിടെ ഓട്ടോ സ്റ്റാന്‍ഡായി ഉപയോഗിച്ചിരുന്ന തൊഴിലാളികള്‍ക്കൊപ്പം നിന്ന അദ്ദേഹം, ഹാന്‍ഡ്രയില്‍ മാറ്റാന്‍ അധിക്യതര്‍ തയ്യാറാകാത്തപ്പോള്‍ അത് ബലം പ്രയോഗിച്ചു നീക്കാനും മുന്‍കൈ എടുത്തു. മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ഉന്നത പദവികള്‍ വഹിക്കുമ്പോഴും സാധാരണക്കാര്‍ക്കിടയില്‍ ഒരാളായി ലളിതമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.
ജനറല്‍ ആശുപത്രി മോര്‍ച്ചറി പരിസരത്തും അനാഥ മൃതദേഹങ്ങളുടെ സംസ്‌കാരം നടക്കുമ്പോഴും നാട്യങ്ങളില്ലാത്ത ഈ സാധാരണക്കാരനെ എപ്പോഴും കാണാന്‍ കഴിയും. കാസര്‍കോടിന്റെറെ സാമൂഹിക സേവന രംഗത്ത് മുഹമ്മദ് കുഞ്ഞി തായലങ്ങാടി എന്ന പേര് സ്വര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തേണ്ടതാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മുനീറിന്റെ കുറിപ്പ് ഇങ്ങനെ:
മുഹമ്മദ് കുഞ്ഞി തായലങ്ങാടി ആദരിക്കപ്പെടുമ്പോള്‍…
റോഡ് നവീകരണത്തിലെ സജീവ സാന്നിധ്യം
അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. കാസര്‍കോട് ട്രാഫിക് ജംഗ്ഷന്‍ മുതല്‍ ക്ലോക്ക് ടവര്‍ വരെയുള്ള റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ ഭാഗം വീതികൂട്ടി നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് വകയിരുത്തിയിരുന്നു. അതിന്റെ തുടക്കം മുതല്‍ പണി തീരുന്നതുവരെ മുന്‍നിരയില്‍ നിന്ന്
പ്രവര്‍ത്തിച്ചത് മുഹമ്മദ് കുഞ്ഞിയായിരുന്നു. O city & Local Guides
ഈ വിനീതന്‍ ചെയര്‍മാനായിരുന്ന സമയത്ത് ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സ്ഥലമെടുപ്പ് നഗരസഭയുടെ ചുമതലയെന്ന നിലയില്‍ രണ്ട് യോഗങ്ങള്‍ അതുമായി ബന്ധപ്പെട്ടായിരുന്നു. കെട്ടിട ഉടമകളെ യോഗത്തിനെത്തിക്കാനും അവരുമായി ഈ പ്രവൃത്തിയെക്കുറിച്ച് സംസാരിക്കാനും ചടുലമായ പ്രവര്‍ത്തനമാണ് മുഹമ്മദ് കുഞ്ഞി നടത്തിയത്. കോമ്പന്‍സേഷന്‍ പദ്ധതിയല്ലാത്തതുകൊണ്ട് കെട്ടിട ഉടമകള്‍ സ്വമേധയാ നല്‍കുന്ന സ്ഥലം മാത്രമേ നമുക്ക് കിട്ടുമായിരുന്നുള്ളു. പരമാവധി സ്ഥലം ലഭ്യമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ മുഹമ്മദ് കുഞ്ഞി ശ്രമം നടത്തിയിരുന്നു.

വിമര്‍ശനങ്ങളെ കൂസാത്ത ഒറ്റയാന്‍
എട്ടുകാലി മമ്മൂഞ്ഞ് ചമയുന്ന പൊതുപ്രവര്‍ത്തകനോ കൗണ്‍സിലറോ ആയിരുന്നില്ല മുഹമ്മദ് കുഞ്ഞി. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഒരു സൂപ്പര്‍വൈസറെപ്പോലെ നോക്കുകയും തൊഴിലാളികളെ ജോലിയില്‍ സഹായിക്കുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന സമയങ്ങളിലും ഒരു കൈ സഹായം അദ്ദേഹത്തിന്റേതായിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിനൊക്കെ കിട്ടിയ പ്രതിഫലമെന്ന് പറയുന്നത് ഒരുപക്ഷേ കൂടുതലും വിമര്‍ശനങ്ങളും തെറികളുമായിരിക്കാം.
മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ എന്ന് പറയുന്നതുപോലെ മുഹമ്മദ് കുഞ്ഞി കൊണ്ട കല്ലേറുകള്‍ക്ക് കണക്കുണ്ടാവില്ല. എന്നാലും തന്റേതായ ശരികളിലൂടെ ഒറ്റയാനായി നടക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. റോഡില്‍ ഹാന്‍ഡ്‌റെയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അദ്ദേഹം അവിടെ വര്‍ഷങ്ങളായി ഓട്ടോ സ്റ്റാന്‍ഡായി ഉപയോഗിച്ചിരുന്ന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു. അധികൃതര്‍ ഹാന്‍ഡ്‌റെയില്‍ മാറ്റാതെ വന്നപ്പോള്‍ ബലം പ്രയോഗിച്ച് മാറ്റാനും അദ്ദേഹം മടി കാണിച്ചില്ല.

പദവികള്‍ മോഹിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകന്‍
മുസ്ലിം ലീഗ് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരായിരുന്നു ഞങ്ങള്‍. മുനിസിപ്പല്‍ യൂത്ത് ലീഗില്‍ മുഹമ്മദ് കുഞ്ഞിയുടെ കൂടെ ഖജാഞ്ചിയായും ജനറല്‍ സെക്രട്ടറിയായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗിന്റെ ജോയിന്റ് സെക്രട്ടറിമാരായിരുന്നു. ഞാന്‍ പ്രസിഡന്റും അദ്ദേഹം ഖജാഞ്ചിയായും മുനിസിപ്പല്‍ മുസ്ലിം ലീഗില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020- 2025 കാലത്ത് ഒരുമിച്ച് നഗരസഭാ ഭരണസമിതിയിലുണ്ടായിരുന്നു. സംഘടനാ തലത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും അദ്ദേഹം സ്വയം പ്രാഞ്ചി വേഷം കെട്ടാന്‍ തയ്യാറായിരുന്നില്ല. കൊടി കെട്ടാനും പോസ്റ്റര്‍ ഒട്ടിക്കാനും ജാഥയുടെ പിന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കാനും അദ്ദേഹമുണ്ടാകും. അപൂര്‍വ്വമായി മാത്രമേ സ്റ്റേജില്‍ പോലും ഇരിക്കാറുള്ളൂ. തന്റെ മുന്നിലേക്ക് വന്ന പല പദവികളെയും തട്ടിമാറ്റി വാര്‍ഡിലും മുനിസിപ്പാലിറ്റിയിലും ഭാരവാഹിയായും സാധാരണ കൗണ്‍സിലറായും നില്‍ക്കാനാണ് മുഹമ്മദ് കുഞ്ഞി ഇഷ്ടപ്പെട്ടിരുന്നത്.

Scroll to Top