കുമ്പള/മൊഗ്രാല്‍. കഴിഞ്ഞ മഴക്കാലത്ത് കോട്ടയത്ത് സര്‍ക്കാര്‍ ആശുപത്രി കെട്ടിടം നിലംപതിച്ചതോടെ പരിശോധനയുടെ ഭാഗമായി സംസ്ഥാനതൊട്ടുക്കും നിരവധി ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീണു.കാലപ്പഴക്കവും ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളുമാണ് ഏറെയും അടച്ചുപൂട്ടിയത്. എന്നാല്‍ പകരം സംവിധാനത്തിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചതുമില്ല. ഇതുമൂലം ദുരിതം നേരിടേണ്ടി വന്നത് രോഗികളും, വിദ്യാര്‍ത്ഥികളും.
കാസറഗോഡ് ജില്ലയിലും ഇത്തരം ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചോര്‍ച്ചയുടെയും കാലപ്പഴക്കത്തിന്റെയും പേരില്‍ താഴ് വീണിരുന്നു.കുമ്പളയില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍(ബി എഫ് എച്ച് സി) കെട്ടിടം ഒഴിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന ഡ്രസ്സിംഗ്- ഇഞ്ചക്ഷന്‍ റൂമും,ഫാര്‍മസിയും സ്ഥല സൗകര്യമില്ലാത്തതും, ഇടുങ്ങിയതുമായ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു.ഇതുമൂലം രോഗികള്‍ക്കുണ്ടാകുന്ന ദുരിതം ഇരട്ടിയായി. ചോര്‍ന്നൊലിക്കുന്നകെട്ടിടം ഒഴിപ്പിക്കുമ്പോള്‍ പകരം സംവിധാനമോ, കെട്ടിട നിര്‍മ്മാണത്തിന് ഫണ്ടോ സര്‍ക്കാര്‍ അനുവദിച്ചുമില്ല.
മൊഗ്രാല്‍ ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ ക്ലാസുകള്‍ നടന്നിരുന്ന നാല് ക്ലാസ് റൂമുകള്‍ ഉള്ള രണ്ട് പഴയ കെട്ടിടങ്ങളാണ് ചോര്‍ച്ചയുടെ പേരില്‍ ഒഴിപ്പിച്ചത്.ഇവിടെയും പകരം സംവിധാനത്തിന് നടപടിയോ,പുതിയ കെട്ടിട നിര്‍മ്മാണത്തിന് അടിയന്തര ഫണ്ടോ അനുവദിച്ചതുമില്ല. 4 ക്ലാസ് റൂമുകളിലെ കുട്ടികളെ മറ്റു ക്ലാസ്സ് റൂമുകളില്‍ ഇരുത്തി യാണ് ഇപ്പോള്‍ ക്ലാസ് നടന്നുവരുന്നത്.ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ദുരിതമാകുന്നുമുണ്ട്.
അടച്ചുപൂട്ടിയെ കെട്ടിടങ്ങള്‍ക്ക് പകരം പുതിയ കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്നാണ് ആശുപത്രി വികസന സമിതിയുടെയും,പിടിഎ കമ്മിറ്റിയുടെയും ആവശ്യം.പുതിയ അധ്യായന വര്‍ഷത്തില്‍ ഇത് നടന്നില്ലെങ്കില്‍ സ്‌കൂള്‍ പഠനത്തെ ബാധിക്കുമെന്ന് പി ടി എ കമ്മിറ്റി പറയുന്നുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ഇനി തെരഞ്ഞെടുപ്പൊക്കെ കഴിയാതെ കെട്ടിട നിര്‍മ്മാണത്തിന് ഫണ്ടും,പദ്ധതികളും കിട്ടില്ലെന്നതും പിടിഎയേയും, ആശുപത്രി വികസന സമിതികളെയും ആശങ്കപ്പെടുത്തുന്നുമുണ്ട്.അടിയന്തിര നടപടിക്കായി ഇപ്പോള്‍ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ജില്ലാ-ബ്ലോക്ക് പഞ്ചായത്തുക്കളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പിടിഎയും,ആശുപത്രി വികസന സമിതിയും.
ഫോട്ടോ:അടച്ചുപൂട്ടിയ കുമ്പള ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ കെട്ടിടവും, മൊഗ്രാല്‍ ഹൈസ്‌കൂള്‍ വിഭാഗം സ്‌കൂള്‍ കെട്ടിടവും.




