ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലാകെ സംഘര്‍ഷം പടരുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മേഖലയിലെ രാജ്യങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. ഇന്ത്യാക്കാരെ ഒഴിപ്പിക്കാന്‍ തത്കാലം വിമാനങ്ങള്‍ അയക്കാന്‍ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയില്‍ യുദ്ധസാഹചര്യം വഷളായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേന തയാറാണെന്ന് വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ എ.പി സിങ് വ്യക്തമാക്കി. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അന്തിമ തീരുമാനം അനുസരിച്ച് നടപടികള്‍ കൈകൊള്ളുമെന്നും എയര്‍ മാര്‍ഷല്‍ എ.പി സിങ് പറഞ്ഞു. മിസൈല്‍ ആക്രമണം അടക്കം തടയാനുള്ള സാങ്കേതിക വിദ്യ രാജ്യത്തിനുണ്ടെന്നും ഇതിന്റെ എണ്ണം കൂട്ടുകയാണ് ലക്ഷ്യമെന്നും വ്യോമസേന മേധാവി വ്യക്തമാക്കി.
അതിനിടെ ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈ മാസം 15,16 തീയതികളില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പാക്കിസ്ഥാനിലേക്ക് പോകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.