ജിഡിപി കുതിക്കുന്നു, പോക്കറ്റില്‍ പണം വരുമോ? സാധാരണക്കാരന്‍ അറിയേണ്ടതെല്ലാം
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള (GDP) ഏറ്റവും പുതിയ കണക്കുകള്‍ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യ നേരത്തെ കരുതിയതിനേക്കാള്‍ വേഗത്തില്‍ വളരുകയാണ്. മൂന്ന് പ്രധാന മാറ്റങ്ങളാണ് ജിഡിപി കണക്കു കൂട്ടുന്നതില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.
ജിഡിപി കണക്കാക്കുന്നത് ഒരു നിശ്ചിത വര്‍ഷത്തെ വിലയുമായി താരതമ്യം ചെയ്താണ്. ഇതിനെയാണ് അടിസ്ഥാന വര്‍ഷം എന്ന് വിളിക്കുന്നത്. ഇതുവരെ 2011-12 ലെ വിലനിലവാരമാണ് അടിസ്ഥാനമായി കണക്കാക്കിയിരുന്നത്. ഇനി മുതല്‍ 2022-23 ലെ വിലനിലവാരം അടിസ്ഥാനമാക്കിയാണ് വളര്‍ച്ച അളക്കുക.
കാലം മാറുമ്പോള്‍ ജനങ്ങളുടെ വാങ്ങല്‍ രീതിയും വിപണിയും മാറും. 2011-നെ അപേക്ഷിച്ച് 2022-ലെ കണക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിലവിലെ സാമ്പത്തിക സ്ഥിതി കൂടുതല്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.
വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ എത്രത്തോളം വളരും എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പുതിയ കണക്ക് പുറത്തുവിട്ടു.
നേരത്തെ ഇത് 7.4% ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യ 7.6% വേഗതയില്‍ വളരും. അതായത്, രാജ്യം പ്രതീക്ഷിച്ചതിലും മികച്ച നിലയിലാണ്.
കഴിഞ്ഞ മാസങ്ങളിലെ കണക്കിലും വര്‍ദ്ധനവ്
2025-26 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ വളര്‍ച്ചാ നിരക്കിലും മാറ്റം വന്നിട്ടുണ്ട്. നേരത്തെ കണക്കാക്കിയ 8.2 ശതമാനത്തില്‍ നിന്നും ഇത് 8.4 ശതമാനമായി ഉയര്‍ന്നു.
ഇതുകൊണ്ട് സാധാരണക്കാരന് എന്താണ് ഗുണം?
രാജ്യം നന്നായി വളരുന്നു എന്ന് കാണുമ്പോള്‍ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറാകും.
പുതിയ ബിസിനസ്സുകള്‍ വരുന്നതോടെ യുവാക്കള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കും. ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ ഇന്ത്യ ശക്തമായി മുന്നോട്ട് പോകുന്നു എന്നത് സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ക്കും ജോലിക്കും സുരക്ഷ നല്‍കുന്നു.ചുരുക്കത്തില്‍ കണക്കിലെ ചെറിയ മാറ്റങ്ങള്‍ മാറ്റിവെച്ചാല്‍, ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെന്നും രാജ്യം ശരിയായ ദിശയിലാണെന്നുമാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയൊരു കൈത്താങ്ങായത് റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന അസംസ്‌കൃത എണ്ണ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സാഹചര്യത്തില്‍ മാറ്റങ്ങള്‍ വരികയാണ്. റഷ്യയില്‍ നിന്ന് വളരെ ലാഭത്തില്‍ അസംസ്‌കൃത എണ്ണ ലഭിച്ചിരുന്നതുകൊണ്ട് ഇന്ത്യയ്ക്ക് വലിയൊരു തുക ലാഭിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള ഈ എണ്ണ ഇറക്കുമതി കുത്തനെ കുറഞ്ഞു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പുതിയ വ്യാപാര കരാറുകള്‍ എങ്ങനെയാകും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഇനിയുള്ള ഇന്ധന നയം. ഈ ചര്‍ച്ചകള്‍ കഴിഞ്ഞാല്‍ മാത്രമേ ഇതില്‍ ഒരു വ്യക്തത വരികയുള്ളൂ.
കൂടിയ നിരക്കില്‍ അസംസ്‌കൃത എണ്ണ വാങ്ങേണ്ടി വന്നാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇന്ധനവില കൂടുന്നത് വെറും വണ്ടിക്കൂലിയില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല. ഇത് നമ്മുടെ കുടുംബ ബജറ്റിനെ പലവിധത്തില്‍ ബാധിക്കും.പെട്രോള്‍-ഡീസല്‍ വില കൂടിയാല്‍ ലോറി വാടക കൂടും. ഇത് പച്ചക്കറി, അരി തുടങ്ങിയ എല്ലാ അവശ്യ സാധനങ്ങളുടെയും വില വര്‍ദ്ധിക്കാന്‍ കാരണമാകും. യാത്രാക്കൂലി, ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് സാധാരണക്കാരുടെ ദൈനംദിന ചിലവുകള്‍ കൂട്ടും. ചിലവുകള്‍ കൂടുമ്പോള്‍ ഓരോ കുടുംബത്തിന്റെയും സമ്പാദ്യം കുറയും.
ഇന്ത്യയുടെ വളര്‍ച്ച കൂടും എന്ന് പറയുമ്പോഴും, അടുത്ത മാസങ്ങളില്‍ ഇന്ധനവില ഇന്ത്യയുടെ പണപ്പെരുപ്പത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.ചുരുക്കത്തില്‍ റഷ്യയില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള എണ്ണ മുടങ്ങുകയും ലോകവിപണിയില്‍ എണ്ണവില കൂടുകയും ചെയ്താല്‍, അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും നമ്മുടെ ഓരോരുത്തരുടെയും പോക്കറ്റിനും വലിയ വെല്ലുവിളിയാകും.




