കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുകാരുടെ സ്വപ്നപദ്ധതിയായ
അലാമിപ്പള്ളിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം തുറക്കുന്നു. മൂന്നിന് വൈകീട്ട് അഞ്ചിന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. തെറ്റായ രീതിയില്‍ നിര്‍മിച്ച് ഉദ്ഘാടനം ചെയ്യാനൊരുങ്ങിയപ്പോള്‍, ‘മാതൃഭൂമി’ അങ്ങനെയല്ല വേണ്ടതെന്ന് പറഞ്ഞ് മുന്നോട്ടുവന്നു.
കായികതാരങ്ങളുള്‍പ്പെടെയുള്ളവര്‍ ‘മാതൃഭൂമി’ക്കൊപ്പം നിന്നപ്പോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മിതി അടിമുടി മാറ്റേണ്ടിവന്നു.
2023 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. അതിന്റെ വാര്‍ത്തയ്‌ക്കൊപ്പം നല്‍കാന്‍ സ്റ്റേഡിയത്തിന്റെ ചിത്രമെടുക്കാന്‍ ചെന്നപ്പോഴാണ് നിലം ചായംപൂശിയതാണെന്ന് മനസ്സിലായത്. ‘സിന്തറ്റിക്കോ മരമോ അല്ല, നിലം ചായം പൂശിയത്’ എന്ന തലക്കെട്ടില്‍ ചിത്രം സഹിതം വാര്‍ത്ത വന്നു. സിന്തറ്റിക്കിലോ പോളിയൂറത്തീന്‍ രീതിയിലോ നിലമൊരുക്കുമെന്നായിരുന്നു രൂപരേഖയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അക്രിലിക്ക് ചായം പൂശി നിലമൊരുക്കുകയായിരുന്നു.
ഇങ്ങനെയുള്ള നിലത്ത് കളിക്കുന്നതിനിടയില്‍ വീണാല്‍ പരിക്കേല്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന ‘മാതൃഭൂമി’യുടെ ചൂണ്ടിക്കാട്ടല്‍ സ്‌പോര്‍ട്സ് കൗണ്‍സിലും പദ്ധതി നടപ്പാക്കുന്ന കാസര്‍കോട് വികസനപാക്കേജ് അധികാരികളും ശരിവയ്ക്കുകയും കളക്ടര്‍ കെ. ഇമ്പശേഖര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തു. ജനപ്രതിനിധികളും മറ്റു മേഖലയിലുള്ളവരുമെല്ലാം തെറ്റായ നിര്‍മാണത്തിനെതിരെ രംഗത്തെത്തി. കളക്ടറുടെ നിര്‍ദേശപ്രകാരം, കാസര്‍കോട് വികസനപാക്കേജ് സെപ്ഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലധികൃതരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമുള്‍പ്പെട്ട ടീം രൂപവത്കരിച്ചു.
ഏഴിമല നാവിക അക്കാദമിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയമുള്‍പ്പെടെ നേരിട്ട് ചെന്ന് കണ്ടും പഠിച്ചും ഈ ടീം പുതിയ റിപ്പോര്‍ട്ടുണ്ടാക്കി. കാഞ്ഞങ്ങാട്ടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന റിപ്പോര്‍ട്ട് കളക്ടര്‍ക്കും സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ വിഗദ്ധസമിതിക്കും നല്‍കി.
നിലമൊരുക്കിയത് പോളി യൂറത്തീന്‍ രീതിയില്‍
:പോളിയൂറത്തീന്‍ പാകിയാണ് നിലമൊരുക്കിയത്. നേരിയ സ്‌പോഞ്ച് അനുഭവം കിട്ടുന്നതാണിത്. ഷട്ടില്‍, ബാഡ്മിന്റണ്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍ എന്നിവയെല്ലാം കളിക്കാം. വീണാലും പരിക്കേല്‍ക്കില്ല. മേല്‍ക്കൂരയുടെ ഉയരക്കുറവും വെളിച്ചസംവിധാനത്തിലെയും സുരക്ഷാസംവിധാനത്തിലേയും പാളിച്ചകളുമെല്ലാം പരിഹരിച്ചിട്ടുണ്ട്.
മൂന്നുവര്‍ഷത്തെ അധിക കാലയളവും ഇരട്ടിച്ചെലവും
അലാമിപ്പള്ളിയിലുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്ഥലത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചത് 2017-ലാണ്. ആറുകോടി രൂപയായിരുന്നു അടങ്കല്‍. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മനോഹര കെട്ടിടം ഉയര്‍ന്നു. കാഞ്ഞങ്ങാട്ടെ കായികതാരങ്ങള്‍ ഉദ്ഘാടനത്തിനായി കാത്തിരിക്കവെയാണ്, അകത്തളത്തിലെ അപാകം പുറത്തുവന്നത്.
അതോടെ 2023-ല്‍ ഉദ്ഘാടനം ചെയ്യേണ്ട സ്റ്റേഡിയം തുറക്കാന്‍ മൂന്നുവര്‍ഷംകൂടി കാത്തിരിക്കേണ്ടിവന്നു. വിദഗ്ധ സമിതിയുമായി കൂടിയാലോചന നടത്തുകപോലും ചെയ്യാതെ തോന്നുംപടി ഉയര്‍ത്തിയത് വഴി നിര്‍മാണ ഇനത്തില്‍ സര്‍ക്കാരിനുണ്ടായത് വലിയ നഷ്ടം.
നിലം ചായം പൂശാന്‍ 14.90 ലക്ഷം രൂപയാണ് ചെലവായത്. പോളിയൂറത്തിന്‍ പാകുകയും മറ്റ് അപാകം തീര്‍ക്കുകയുംചെയതപ്പോള്‍ 1.06 കോടി രൂപ ചെലവായി. നിലം ചായംപൂശിയ ഇനത്തില്‍ ചെലവായതും മറ്റു നിര്‍മിതികള്‍ മാറ്റിയപ്പോള്‍ അധികമായി വേണ്ടി വന്ന പണവുമെല്ലാം പൊതുഖജനാവിന് നഷ്ടമായി.




