വാക്കുകളെ നിമിഷങ്ങള്‍കൊണ്ട് ചിത്രമാക്കി അധ്യാപകന്‍

നീലേശ്വരം : വാക്കുകളെ നിമിഷങ്ങള്‍കൊണ്ട് ചിത്രമാക്കി കുട്ടികളുടെ
മനസ്സില്‍ ആ വാക്കിനെ ഉറപ്പിക്കുന്ന ജാലവിദ്യയുമായി ഒരു അധ്യാപകന്‍. പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ എം.വി. ധനേശന്‍ ആണ് ഇത്തരത്തില്‍ പുതിയ അധ്യാപനരീതികള്‍ കുട്ടികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്.

ഇംഗ്ലീഷ് വാക്കുകളിലെ അക്ഷരങ്ങളെ പ്രത്യേക വിതാനത്തില്‍ സമന്വയിപ്പിച്ച് വരയിലേക്ക് ആവാഹിക്കുമ്പോള്‍ ആ പദത്തിന്റെ അര്‍ഥം ആ പദത്തിലെ അക്ഷരങ്ങള്‍തന്നെ ദൃശ്യവത്കരിക്കുന്ന ‘ഹമ്മിങ് വേര്‍ഡ്‌സ് ടൈപ്പോഗ്രാഫി’ ചിത്രകലയിലെ വേറിട്ടൊരു രീതിയാണ് ധനേശന്‍ അവതരിപ്പിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് വാക്കുകളും അതിന്റെ അര്‍ഥത്തോടുകൂടി ഏറ്റവും എളുപ്പത്തില്‍ പഠിച്ചെടുക്കാനും ഈ രീതിയിലൂടെ സാധിക്കുന്നു.
15 വര്‍ഷമായി അധ്യാപന രംഗത്തുള്ള ധനേശന്‍ അഞ്ച് വര്‍ഷത്തോളമായി തന്റെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് വാക്കുകള്‍ ഈ രീതിയില്‍ പരിചയപ്പെടുത്തുന്നുണ്ട്. ആയിരത്തിലധികം വാക്കുകളുടെ ചിത്രങ്ങള്‍ ഇദ്ദേഹം ഇതിനായി വരച്ചു.

ഹമ്മിങ് വേര്‍ഡ്സ് ടൈപ്പോഗ്രാഫി പ്രദര്‍ശനം
ജനശ്രദ്ധയാകര്‍ഷിച്ച് എം.വി. ധനേശന്റെ ഹമ്മിങ് വേര്‍ഡ്സ് ടൈപ്പോഗ്രാഫി പ്രദര്‍ശനം. പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇതുവരെ ഇത്തരത്തില്‍ വരച്ചിട്ടുള്ള ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.
സ്‌കൂളിലെ ആര്‍ട്ട് ഫോറവും, എന്‍എസ്എസ് യൂണിറ്റും സംയുക്തമായാണ് പ്രദര്‍ശനം നടത്തിയത്. ജില്ലാ പഞ്ചയത്ത് അംഗം ഡോ. സെറീന സലാം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് എന്‍.കെ. മുഹമ്മദ് കുഞ്ഞി, കവി ബാലഗോപാലന്‍ കാഞ്ഞങ്ങാട്, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് നൗഷാദ്, സ്റ്റാഫ് സെക്രട്ടറി സജിത്ത്, അബ്ദുള്‍ ലത്തീഫ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ദിവ്യ, പ്രേംരാജ് എന്നിവര്‍ സംസാരിച്ചു.

Scroll to Top