ജീവനക്കാര്‍ക്ക് സ്വര്‍ണനാണയം, അംഗങ്ങള്‍ക്ക് ടാബ്; മംഗല്‍പ്പാടിയില്‍ ‘ഗോള്‍ഡന്‍’ ബജറ്റ്

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ ബജറ്റ് ‘ഗോള്‍ഡന്‍’ ബജറ്റായി. ഓഫീസ് ജീവനക്കാര്‍, ആസൂത്രണസമിതി അംഗങ്ങള്‍, മുന്‍ പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാന്‍ ബജറ്റ് സമ്മാനമായി സ്വര്‍ണനാണയം നല്‍കി. അംഗങ്ങള്‍ക്ക് ടാബ്ലറ്റും സമ്മാനിച്ചു.

സേവനങ്ങള്‍ ഏറെക്കുറെ ഓണ്‍ലൈനിലായതോടെ ജനങ്ങള്‍ക്ക് സുതാര്യസേവനം നല്‍കുന്നതിനായാണ് അംഗങ്ങള്‍ക്ക് ടാബ്ലറ്റ് സമ്മാനിച്ചതെന്നും സ്വര്‍ണത്തിന്റെ മൂല്യമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും അതിന്റെ ഭാഗമായാണ് സ്വര്‍ണനാണയങ്ങളും ടാബും നല്‍കിയതെന്നും പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപ സ്വന്തമായി ചെലവഴിച്ചാണ് സ്വര്‍ണനാണയങ്ങളും ടാബും നല്‍കിയത്. അഞ്ച് മുന്‍ പ്രസിഡന്റുമാര്‍, 13 ആസൂത്രണസമിതി അംഗങ്ങള്‍, സെക്രട്ടറി എന്നിവര്‍ക്ക് സ്വര്‍ണനാണയങ്ങളും, 24 അംഗങ്ങള്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്ക് ടാബുകളും നല്‍കി,

ഭരണസമിതിയില്‍ 19 മുസ്ലിം ലീഗ്, മൂന്ന് ബി.ജെ.പി., രണ്ട് സി.പി.എം. അംഗങ്ങളാണുള്ളത്. ഉപ്പള ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ്, പഞ്ചായത്ത് കെട്ടിട സമുച്ചയ നിര്‍മാണം അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈസ് പ്രസിഡന്റ് ഷമീന ഇഖ്ബാല്‍ ബജറ്റ് അവതരിപ്പിച്ചു.

Scroll to Top