ആരിക്കാടിയില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സും ഡയാലിസിസ് യൂണിറ്റും സ്ഥാപിക്കും.


കാര്‍ഷികം,മത്സ്യ മേഖല,വിദ്യാഭ്യാസം, സുചിത്വം,ആരോഗ്യം കുടിവെള്ളം, വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ സംരംഭം ഊന്നല്‍ നല്‍കി കുമ്പള ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക ബഡ്ജറ്റ്.

കുമ്പള.സപ്തഭാഷ സംഗമഭൂമിയായ കുമ്പളയില്‍ കുമ്പള ഗ്രാമപഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ 2026-27 വര്‍ഷത്തേക്കുള്ള ആദ്യ ജനകീയ ബഡ്ജറ്റ് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും,ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ബല്‍ക്കീസ് എം ഗഫാര്‍ അവതരിപ്പിച്ചു.

മുന്‍ ഭരണസമിതികളില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനും, പഞ്ചായത്ത് പരിധിയില്‍ വര്‍ദ്ധിച്ചുവരുന്ന ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസമേകുന്നതിന് വേണ്ടി ആരിക്കാടി ഫാമിലി ഹെല്‍ത്ത് സെന്ററില്‍(എഫ് എച്ച് സിയില്‍)ഡയാലിസിസ് യൂണിറ്റ് സജ്ജീകരിക്കുന്നതിനും ബഡ്ജറ്റില്‍ പ്രഥമ പരിഗണന നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസം, കാര്‍ഷികം,മത്സ്യമേഖല, കുടിവെള്ളം,ഗതാഗതം, ക്ഷീരോല്‍പാദനം, കായികം,ഭവനം വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ സംരംഭം,സുചിത്വം, വെളിച്ചം എന്നിവയ്ക്ക് ഏറെ മുന്‍ഗണന നല്‍കി കൊണ്ടാണ് 2026-27 വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.

പഞ്ചായത്ത് പരിധിയില്‍ മയക്കുമരുന്നിന്റെ ഉപയോഗവും, വില്‍പ്പനയും ഏറിവരുന്ന വിപത്തിനെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.കാര്‍ഷിക മേഖലയിലെ പുരോഗതി കൈവരിക്കുന്നതിന് വേണ്ടി കവുങ്ങ് കൃഷി,പച്ചക്കറി, നെല്‍കൃഷി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വല, മോട്ടോര്‍സൈക്കിള്‍,ഐസ് ബോക്‌സ് എന്നിവയ്ക്ക് ബഡ്ജറ്റില്‍ ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഫര്‍ണിച്ചര്‍,ലാപ്‌ടോപ്പ് എന്നിവ നല്‍കുന്നതിനും പദ്ധതികളുണ്ട്.നാലു കോടി പതിനാറ് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എണ്ണൂറ്റി എഴുപത്തി ഏഴ്(4,16,22,877)രൂപയുടെ മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ കെ ആരിഫ്,എം പി ഖാലിദ്,ഇനാസ് ഫവാസ് കോഹിന്നൂര്‍, ഭരണസമിതി അംഗങ്ങള്‍,നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ സിദ്ധാര്‍ത്ഥ സ്വാഗതം പറഞ്ഞു.

ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക ബഡ്ജറ്റ് വൈസ് പ്രസിഡണ്ടും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ബല്‍ക്കീസ് എം ഗഫാര്‍ അവതരിപ്പിക്കുന്നു.

Scroll to Top