കാസര്‍ഗോഡ്: നഗരത്തില്‍ രാവിലെ വിശന്നിരിക്കുന്നവര്‍ക്കും നിര്‍ധനരായ ആളുകള്‍ക്കും ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ലിവ് ടു സ്മൈല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോട് കൂടി ആരംഭിച്ച ‘ഹംഗര്‍ ഫ്രീ കാസര്‍ഗോഡ്’ (Hunger Free Kasaragod) പദ്ധതി ശ്രദ്ധേയമാകുന്നു. കാസര്‍ഗോഡ് നഗരത്തില്‍ സൗജന്യമായി പ്രഭാതഭക്ഷണം വിതരണം ചെയ്യുന്ന ഈ സത്കര്‍മ്മത്തിന്റെ ഔദ്യോഗിക ബ്രോഷര്‍ കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം പ്രകാശനം ചെയ്തു.
നഗരത്തിലെ തെരുവുകളിലും മറ്റുമായി കഴിയുന്നവര്‍ക്കും, അശരണരായ ആള്‍ക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ലിവ് ടു സ്മൈല്‍ ഫൗണ്ടേഷന്റെ ഈ പദ്ധതിയിലൂടെ ദിവസേന പ്രഭാതഭക്ഷണം ലഭിക്കുന്നത്. വിശപ്പില്ലാത്ത ഒരു നഗരം എന്ന സ്വപ്നം മുന്‍നിര്‍ത്തിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ കാഞ്ഞങ്ങാട്, ചെര്‍ക്കള മറ്റു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.
കൂടാതെ കല്യാണം, മറ്റു ആഘോഷ പരിപാടികളില്‍ അധികം വരുന്ന ഭക്ഷങ്ങള്‍പൊതുവെ എന്തു ചെയ്യണമെന്ന് അറിയാതെ പലപ്പോഴും കൊണ്ടു കളയുന്ന പതിവ് വര്‍ധിച്ച സാഹചര്യത്തില്‍ അത്തരം ഭക്ഷണങ്ങള്‍ ശേഖരിച്ചു കൊണ്ട് ഗുണ നിലവാരം ഉറപ്പുവരുത്തി പാക്കിങ് നടത്തി ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന എക്‌സസ്സ് ഫുഡ് കളക്ഷന്‍ എന്ന പദ്ധതി ഇതിന്റെ കൂടെ നടത്തും. പദ്ധതിക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കെഎം മഹമൂദ്, ലിവ് ടു സ്മൈല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഹ്‌മദ് ഷറീന്‍ , മുര്‍ഷിദ് പട്‌ല മറ്റ് സന്നദ്ധപ്രവര്‍ത്തകരും, പങ്കെടുത്തു. കാസര്‍ഗോഡ് നഗരത്തിന് തന്നെ മാതൃകയാകുന്ന ഈ പദ്ധതിക്ക് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.




