കുമ്പള: കുമ്പളപുഴയ്ക്ക് കുറുകെ കഞ്ചിക്കട്ടയിലുള്ള റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുനര്‍നിര്‍മാണത്തിന് നബാര്‍ഡിന്റെ നടപ്പു വര്‍ഷത്തെ ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി 27.10 കോടി രൂപ അനുവദിച്ചതായി എ.കെ.എം. അഷ്‌റഫ് എം. എല്‍. എ അറിയിച്ചു. 2024 ഏപ്രിലിലാണ് പാലം അടച്ചിട്ട് ഇതിലൂടെയുള്ള ഗതാഗതം കളക്ടര്‍ നിരോധിച്ചത്.
ഇതുകാരണം കുമ്പള പഞ്ചായത്തിലെ കഞ്ചിക്കട്ട, മളി, കുണ്ടാപ്പു, താഴെ കൊടിയമ്മ, ആരിക്കാടി, ചത്രം പള്ളം, ചൂരിത്തടുക്ക, ഊജാര്‍ എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് കുമ്പള നഗരത്തിലെത്താന്‍ അധിക ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്.
കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ജലലഭ്യത നിലയ്ക്കുകയും കടലില്‍നിന്ന് കുമ്പള പുഴ വഴി ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും കുടിവെള്ളത്തില്‍ ഉപ്പ് കലരുകയും ചെയ്തത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി.
രണ്ടുവര്‍ഷമായി എം.എല്‍.എ. വിഷയത്തില്‍ നിരന്തര ഇടപെടല്‍ നടത്തിവരികയായിരുന്നു. നബാര്‍ഡ് ഉദ്യോഗസ്ഥ സംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ച് അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. തുക അനുവദിച്ചതായി കഴിഞ്ഞ ദിവസം നബാര്‍ഡ് ഓഫീസില്‍നിന്ന് അറിയിപ്പ് കിട്ടി.
പദ്ധതിക്ക് അധികമായി ആവശ്യമുള്ള ഭൂമി സ്വകാര്യ വ്യക്തികളില്‍നിന്ന് നാട്ടുകാരും കര്‍മസമിതിയും പണം സ്വരൂപിച്ച് വില കൊടുത്തുവാങ്ങുകയും ചെയ്തിരുന്നു. സാങ്കേതികാനുമതിയും ലേലനടപടികളും ഉടന്‍ പൂര്‍ത്തീകരിച്ച് പണി തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി എം.എല്‍.എ. അറിയിച്ചു.
പാലം ഇങ്ങനെ
- 70 മീറ്റര്‍ നീളമുള്ള രണ്ട് വാഹനങ്ങള്‍ക്ക് ഇരുവശത്തേക്കും കടന്നുപോകാന്‍ കഴിയുന്ന 6.7 മീറ്റര്‍ വീതിയിലുള്ള പാലം
- 2.5 മീറ്റര്‍ ഉയരത്തില്‍ ജലം സംഭരിക്കാന്‍ കഴിയുന്നതും ഉപ്പുവെള്ളം തടയുന്നതുമായ തടയണനിര്‍മാണം.
- 60 മീറ്റര്‍ നീളത്തില്‍ ബി.എം.ബി.സി. അനുബന്ധ റോഡ്.
- പുഴയില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യല്‍.
- പാര്‍ശ്വഭിത്തി സംരക്ഷണം




