കര്‍ണാടകയിലേക്ക് ചെങ്കല്ല് കടത്ത്; ഇവിടെ കല്ല് കിട്ടാനില്ല

കുമ്പള: കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍നിന്ന് അനധികൃത ചെങ്കല്ല് കടത്ത് വ്യാപകം. കര്‍ണാടകയില്‍
ചെങ്കല്‍ഖനനത്തിനു നിയന്ത്രണമുള്ളതിനാല്‍, ഇവിടെനിന്നുള്ള ചെങ്കല്ലുകള്‍ക്ക് അവിടെ ആവശ്യക്കാരേറെയാണ്. കുമ്പള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ നാരായണമംഗലം, പുത്തിഗെ ഗ്രാമപ്പഞ്ചായത്തു പരിധിയിലെ സീതാംഗോളി, ധര്‍മത്തടുക്ക എന്നിവിടങ്ങളില്‍ അനധികൃത ചെങ്കല്‍ ക്വാറികളില്‍നിന്നാണ് നൂറുകണക്കിനു ലോറികളില്‍ ചെങ്കല്ലുകള്‍ കടത്തുന്നത്.

അതിര്‍ത്തി കടന്നാല്‍ ഒരു ചെങ്കല്ലിന് 70 മുതല്‍ നൂറു രൂപവരെയാണ് വിലകിട്ടുന്നത്. നല്ല വിലകിട്ടുന്നതിനാല്‍ കര്‍ണാടകത്തിലേക്ക് ചെങ്കല്ലുകള്‍ അയക്കുന്നതിനാണ് ക്വാറി ഉടമകള്‍ക്കും താത്പര്യം. ഇവിടെയാണെങ്കില്‍ (മഞ്ചേശ്വരം താലൂക്ക് പരിധിയില്‍) 26 രൂപയാണ് ചെങ്കല്ലിന് ലഭിക്കുന്നത്. കര്‍ണാടകയില്‍ ചെങ്കല്ലിനുള്ള നിയന്ത്രണം നന്നായി ഉപയോഗപ്പെടുത്തുകയാണ് അതിര്‍ത്തിഗ്രാമങ്ങളിലെ ചെങ്കല്‍ ക്വാറിയുടമകള്‍. മുന്‍പ് 10 ഇഞ്ച് വലുപ്പമുണ്ടായിരുന്ന ചെങ്കല്ലുകള്‍ ഇപ്പോള്‍ എട്ടും, ഒന്‍പതും ഇഞ്ചുകളിലേക്ക് മാറി.
നാട്ടില്‍ ചെങ്കല്ലിന് ക്ഷാമം
കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് പരിധികളിലെ നിര്‍മാണ മേഖലയില്‍ ചെങ്കല്ലിന് നിലവില്‍ ക്ഷാമമുണ്ട്. പുതുതായി ചെങ്കല്‍ഖനനത്തിന് അനുമതി നല്‍കാത്തതും കര്‍ണാടകയിലേക്ക് വ്യാപകമായി ചെങ്കല്ല് കടത്തുന്നതുമാണ് ക്ഷാമത്തിന് കാരണമായി നിര്‍മാണമേഖലയിലുള്ളവര്‍ പറയുന്നത്. നേരത്തേ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് മാത്രമാണ് യഥാസമയം ചെങ്കല്ലുകള്‍ ലഭിക്കുന്നത്.

പരിശോധനകള്‍ നാമമാത്രം
അതിര്‍ത്തികളിലെ ഗ്രാമീണ റോഡുകള്‍ വഴിയും ഊടുവഴികളിലൂടെയുമാണ് ചെങ്കല്ലുകള്‍ കടത്തുന്നത്. പോലീസും വിവിധ വകുപ്പുകളുടെയും പരിശോധനകളാകട്ടെ നാമമാത്രവും. അതിനാല്‍തന്നെ കടത്തിന് ഒരു കുറവുമില്ലതാനും.
നിയമങ്ങള്‍ ലംഘിക്കാനുള്ളതോ…?
പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി ചെങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ശന നിയമങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുമ്പോഴാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇവയൊന്നും പാലിക്കപ്പെടാതെ പോകുന്നത്.
പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതില്‍ പങ്കുള്ളതായി പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍ ആരോപിക്കുന്നു.

Scroll to Top