ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന് ‘പുതുശ്വാസം’

കാസര്‍കോട് : ഊര്‍ദ്ധശ്വാസം വലിച്ചിരുന്ന കാസര്‍കോട് ജനറല്‍
ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റിന് പുതുശ്വാസം. മൂന്ന് വര്‍ഷം മുന്‍പ് ചിന്മയമിഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്ലാന്റ് അധികൃതരുടെ അനാസ്ഥ കാരണം പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ തകരാറിലായിരുന്നു. ഈ തകരാറുകള്‍ പരിഹരിക്കാന്‍ ചിന്മയമിഷന്‍തന്നെ മുന്‍കൈ എടുത്തതോടെയാണ് പ്ലാന്റിന് പുതുശ്വാസമായത്.

അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിന് അഹമ്മദാബാദില്‍നിന്നുള്ള സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി. പ്ലാന്റിനുള്ള ഉപകരണങ്ങള്‍ നല്‍കിയ അഹമ്മദാബാദ് അറ്റ്‌മോസ് പവര്‍ഹൗസ് പ്രൈവറ്റ് ലിമിറ്റഡിലെ സീനിയര്‍ സര്‍വീസ് എന്‍ജിനീയര്‍ സത്യപാല്‍ രാജ്പുതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

സെന്‍സറിനുള്ള തകരാറാണ് പ്ലാന്റില്‍നിന്ന് ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നതിന് തടസ്സമായിരുന്നത്. ഇത് നന്നാക്കാന്‍ 3.5 ലക്ഷം രൂപ ആവശ്യമായിരുന്നു. ഇത് അനുവദിക്കാന്‍ കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തിലുള്ള ആശുപത്രി പരിപാലനസമിതിയോ ആരോഗ്യവകുപ്പോ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ചിന്മയമിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതിതന്നെ മുന്‍കൈയെടുത്ത് ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള തുക കണ്ടെത്തിയത്. ഇതില്‍ ഒന്നരലക്ഷം രൂപ ഇതിനോടകം കമ്പനി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു.
35 ലക്ഷം രൂപ ചെലവാക്കി മുംബൈയിലെ സെന്‍ട്രല്‍ ചിന്മയ മിഷനാണ് ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തത്. കോവിഡ് കാലത്ത് ജില്ലയിലെ ആശുപത്രികളില്‍ അനുഭവപ്പെട്ട ഒക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനാണ് ഇങ്ങനെയൊരു പ്ലാന്റ് തുടങ്ങുന്നതിനുള്ള സഹായം ചിന്മയമിഷന്‍ നല്‍കിയത്.

Scroll to Top