മംഗളൂരു-രാമേശ്വരം പ്രതിവാര വണ്ടി: കേരളത്തില്‍ അഞ്ച് സ്റ്റോപ്പുകള്‍ മാത്രം

കണ്ണൂര്‍: കേരളത്തില്‍നിന്ന് നേരിട്ട് രാമേശ്വരത്തേക്കുള്ള മംഗളൂരു-രാമേശ്വരം പ്രതിവാര എക്സ്പ്രസിന് കേരളത്തില്‍ അഞ്ച് സ്റ്റോപ്പുകള്‍ മാത്രം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. 2024-ല്‍ റെയില്‍വേ പ്രഖ്യാപിച്ച ബോര്‍ഡ് ഉത്തരവ് പ്രകാരമാണ് ഈ സ്റ്റോപ്പുള്ളത്.

പുതിയ ഉത്തരവില്‍ മലബാറില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, വടകര, തിരൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.

മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) വണ്ടി 2024-ലാണ് റെയില്‍വേ പ്രഖ്യാപിച്ചത്. എന്നാല്‍ ഓടിത്തുടങ്ങുന്നത് ഇപ്പോഴാണ്. ശനിയാഴ്ചകളില്‍ മംഗളൂരുവില്‍നിന്ന് രാത്രി 7.30-ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിലെത്തും. കേരളത്തിലെ അഞ്ച് സ്റ്റോപ്പുകള്‍ക്കൊപ്പം പളനി, ഡിണ്ടിഗല്‍, മധുര, രാമനാഥപുരം ഉള്‍പ്പെടെ 12 സ്റ്റേഷനുകളില്‍ നിര്‍ത്തും.
ശനിയാഴ്ച വണ്ടിയില്‍ രാമേശ്വരത്തേക്ക് പോകുന്നവര്‍ക്ക് തിരിച്ചുവരാന്‍ സൗകര്യപ്പെടാത്ത വിധത്തിലാണ് പുതിയ വണ്ടിയുടെ സമയക്രമം. ശനിയാഴ്ച രാത്രി പുറപ്പെട്ട് ഞായറാഴ്ച രാവിലെ 11.45-നാണ് വണ്ടി രാമേശ്വരത്ത് എത്തുക.
അന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കുതന്നെ തിരിച്ച് പുറപ്പെടും. പളനി, മധുര ഉള്‍പ്പെടെ പോകുന്നവര്‍ക്ക് ഗുണമാണ്. രാമനാഥപുരത്തെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ ഏര്‍വാഡി ദര്‍ഗയിലേക്കും ഈ വണ്ടിയില്‍ പോകാം.
ചൊവ്വാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന കോയമ്പത്തൂര്‍-രാമേശ്വരം എക്‌സ്പ്രസാണ് രാമേശ്വരത്ത് പോകാന്‍ മലബാറുകാര്‍ ആശ്രയിച്ചിരുന്നത്.

Scroll to Top