പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസും സൊസൈറ്റി ഫോര്‍ മോളിക്യുലാര്‍ സിഗ്‌നലിങ്ങും സംയുക്തമായി മോളിക്യുലാര്‍ സിഗ്‌നലിംഗ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളന (ഐസിഎംഎസ് 2026)നം സമാപിച്ചു. കോശങ്ങള്‍ തമ്മിലും അവയവങ്ങള്‍ തമ്മിലുമുള്ള സംവേദന പ്രക്രിയയുമായി ബന്ധപ്പെട്ട പഠന ഗവേഷണ മേഖലയിലെ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ പങ്കെടുത്ത സമ്മേളനം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ ഗവേഷണ സാധ്യതകള്‍ തുറന്നാണ് അവസാനിച്ചത്. നൂതനമായ അറിവുകളുടെയും ആശയ സംവാദങ്ങളുടെയും വേദിയായി മൂന്ന് ദിവസത്തെ സമ്മേളനം മാറി. സമാപന സമ്മേളനത്തില്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. പി. അപ്പാ റാവു സമാപന ഭാഷണം നടത്തി.
ശാസ്ത്ര രംഗത്ത് സംശുദ്ധിയും നൈതികതയും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവ ശാസ്ത്രജ്ഞര്‍ക്ക് ധൈര്യത്തോടെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സൗഹൃദപരമായ അന്തരീക്ഷം സ്ഥാപനങ്ങള്‍ സൃഷ്ടിക്കണം. കാലാവസ്ഥാ മാറ്റം, ഭക്ഷ്യ പ്രതിസന്ധി, ക്ഷാമം, രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ ലോകം വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മോളിക്യുലാര്‍ സിഗ്‌നലിംഗ്, കോശങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വലിയ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിച്ചു.
ഗുജറാത്ത് ബയോടെക്‌നോളജി യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. സുബീര്‍ എസ് മജൂംദാര്‍, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പ്രൊഫ. ഡെന്നീസ് തോമസ് എന്നിവര്‍ സംസാരിച്ചു. പ്ലാന്റ് സയന്‍സ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. കെ. അരുണ്‍ കുമാര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ഇന്ദ്രാശിഷ് ഭട്ടാചാര്യ നന്ദിയും പറഞ്ഞു. മികച്ച പേപ്പര്‍, പോസ്റ്റര്‍ അവതരണങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. വിവിധ സംസ്ഥാനങ്ങളിലെയും കാനഡ, അമേരിക്ക, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും വിദഗ്ധര്‍ പങ്കെടുത്തു.




