രാമന്‍ചിറ പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

റോഡ് വികസനത്തിന് 35,000 കോടി രൂപ; അഞ്ചുവര്‍ഷത്തില്‍ 150 പാലങ്ങള്‍ പൂര്‍ത്തിയായി: മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡ് വികസനത്തിനായി സര്‍ക്കാര്‍ 35,000 കോടി രൂപ ചെലവഴിച്ചതായും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 150 പാലങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുവത്തൂര്‍,കയ്യൂര്‍ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച രാമന്‍ചിറ പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കിഫ്ബി വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചതായുംമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി പദ്ധതികള്‍ നിര്‍ണായകമായ പങ്ക് വഹിച്ചു എന്നും മന്ത്രി പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ ഗതാഗത സൗകര്യം മെച്ചപ്പെട്ടതോടൊപ്പം ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഈ പദ്ധതികള്‍ വഴി സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഫ്ബി വഴിയായി പൊതുമരാമത്ത് വകുപ്പില്‍ 528 പദ്ധതികള്‍ക്കായി 46,145 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കാരണങ്ങളാല്‍ തടസ്സപ്പെട്ടു കിടന്ന ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

2016-17 ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് 2020ല്‍ 14.72 കോടി രൂപയുടെ സാമ്പത്തികാനുമതിയും 2021 ല്‍ 16.25 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. കെആര്‍എഫ്ബി കാസര്‍ഗോഡ് ഡിവിഷന്‍ മേല്‍നോട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി.
274.15 മീറ്റര്‍ നീളമുള്ള പാലത്തിന് 7.5 മീറ്റര്‍ വീതിയുള്ള കാരിയേജ് വേയും 1.5 മീറ്റര്‍ നടപ്പാതയും ഉള്‍പ്പെടെ 9.70 മീറ്റര്‍ വീതിയുണ്ട്. 40 പിയറുകളോടുകൂടിയ സബ്സ്ട്രക്ചറും 19 സ്പാനുകളുമുള്ള പാലത്തിന് മൂന്ന് അപ്രോച്ചുകള്‍ ഒരുക്കിയിട്ടുണ്ട്. അനുബന്ധമായി 400 മീറ്റര്‍ സമീപന റോഡും ബി.എം-ബി.സി നിലവാരത്തില്‍ നിര്‍മ്മിച്ചു.
മുന്‍പുണ്ടായിരുന്ന ചെറുവീതിയുള്ള ഷട്ടര്‍ കം ബ്രിഡ്ജ് മൂലം വലിയ വാഹനങ്ങള്‍ക്ക് ഗതാഗതം സാധ്യമല്ലാതിരുന്ന സാഹചര്യത്തില്‍ പുതിയ പാലം പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമാവുകയും ചെയ്തു.

ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി,ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നാരായണന്‍, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി വി ജാനകി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജിത, ശശിധരന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി ജനാര്‍ദ്ദനന്‍, കെ വി സുധാകരന്‍, സി വി വിജയരാജ്, പി സി അബ്ദുല്‍ റഹ്‌മാന്‍, സിജി കട്ടക്കയം, മമ്മു കോട്ടപ്പുറം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പാലത്തിന്റെ സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ട്രാക്ടര്‍,എന്‍ജിനീയര്‍മാര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ എന്നിവരെ ആദരിച്ചു. കെ ആര്‍ എഫ് ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ജെ കൃഷ്ണന്‍ സ്വാഗതവും കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ജയദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

Scroll to Top