ദുബായ്: യുദ്ധ സാഹചര്യം ഉടലെടുത്തതോടെ ഗള്‍ഫ് മേഖലയിലെ ചില പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിച്ചു. ഇന്ന് ജിദ്ദയില്‍ നിന്ന് ഹൈദരാബാദ്, മുംബയ് ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പത്ത് പ്രത്യേക വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. കഴിഞ്ഞ ദിവസം ഇത്തിഹാദ് എയര്‍വേയ്സ് അബുദാബിയില്‍ നിന്ന് ഡല്‍ഹി, മുംബയ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്നു.
ഇന്ന് ദുബായില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, ബംഗളൂരു, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങള്‍ക്കിടയില്‍ എമിറേറ്റ്‌സ് സര്‍വീസുകള്‍ നടത്തും. എന്നാല്‍ അബുദാബി, ദോഹ, ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മാര്‍ച്ച് 3 വരെ ആകാശ എയര്‍ നിര്‍ത്തിവച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റ് സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. അതേസമയം ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള സര്‍വീസുകള്‍ മാര്‍ച്ച് 3 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.
ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് ഇതുവരെ 36 പുറപ്പെടലുകളും 44 എത്തിച്ചേരലുകളും റദ്ദാക്കി ബംഗളൂരുവില്‍ ഇതുവരെ 44 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, യാത്രാസമയം വൈകുന്നുണ്ടെങ്കിലും നോര്‍ത്ത് അമേരിക്ക, യൂറോപ്പ് രാജ്യങ്ങളലേക്കുള്ള സര്‍വീസുകള്‍ നടത്തുന്നുണ്ട് ന്യൂയോര്‍ക്ക്, നെവാര്‍ക്ക് വിമാനസര്‍വീസുകളും മുടങ്ങിയില്ല. ഇറാന്‍,ഇസ്രയേല്‍, ലെബനന്‍, സൗദി അറേബ്യ, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, യു.എ.ഇ, ഖത്തര്‍ വ്യോമപാതകള്‍ അടഞ്ഞുകിടക്കുകയാണ്.
യാത്രക്കാരുടെ ആശങ്കകളില്‍ ഇടപെടാനും പരാതികള്‍ പരിഹരിക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ സജ്ജീകരിച്ച പാസഞ്ചര്‍ അസിസ്റ്റന്‍സ് കണ്‍ട്രോള്‍ റൂം സജീവമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ സാമൂഹിക മാദ്ധ്യമങ്ങളിലും എയര്‍സേവാ പോര്‍ട്ടലിലും പരാതി അറിയിക്കാം.
ഗള്‍ഫ് പ്രവാസികളുടെ ആശങ്കകള്‍ക്ക് അവസാനം; വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നു




