മൊഗ്രാല്‍ പുത്തൂര്‍: വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ കടുക്കുമ്പോള്‍, കാല്‍നടയാത്രക്കാരെ പോലും ക്ഷീണിപ്പിക്കുന്ന കുന്നും മലയും കയറിയുള്ള വീടുകള്‍ തോറുമുള്ള യാത്രകള്‍ ഒരു ഭിന്നശേഷിക്കാരന് എത്രമാത്രം വെല്ലുവിളിയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍, ആ വെല്ലുവിളികളെ തന്റെ മുച്ചക്ര സ്‌കൂട്ടറിന്റെ കരുത്തില്‍ മറികടന്ന് മുന്നോട്ട് പോവുകയാണ് കാസര്‍കോട് മണ്ഡലത്തിലെ മൊഗ്രാല്‍ പുത്തൂരിലെ 8th നമ്പര്‍ ബൂത്ത് ലെവല്‍ ഓഫീസറായ ഹക്കീം കമ്പാര്‍. മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരനാണ് ഹക്കീം. അദ്ദേഹത്തിന്റെ അര്‍പ്പണബോധവും ആത്മവിശ്വാസവും ഇപ്പോള്‍ നാട്ടുകാര്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും താഴെത്തട്ടിലുള്ളതും എന്നാല്‍ ഏറ്റവും നിര്‍ണ്ണായകവുമായ ഉദ്യോഗസ്ഥനാണ് ബൂത്ത് ലെവല്‍ ഓഫീസര്‍. വോട്ടര്‍ പട്ടികയിലെ പേരുകള്‍ ചേര്‍ക്കല്‍, തിരുത്തല്‍,നീക്കം ചെയ്യല്‍,പുതിയ വോട്ടര്‍മാരെ കണ്ടെത്തല്‍ തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് ഇവര്‍ക്കുള്ളത്. ഈ ജോലിയുടെ സുപ്രധാന ഭാഗം ഓരോ വീട്ടിലും നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ്.
ശാരീരിക വെല്ലുവിളികള്‍ ഈ ഉദ്യോഗസ്ഥനെ തളര്‍ത്തിയില്ല. ഒരു സാധാരണ ജീവനക്കാരനെ പോലെ, സമയബന്ധിതമായി തന്റെ ബൂത്തിലെ വീടുകള്‍ കയറി ഇറങ്ങാന്‍ അദ്ദേഹം ആശ്രയിക്കുന്നത് തന്റെ മുച്ചക്ര സ്‌കൂട്ടറിനെയാണ്. ദുര്‍ഘടമായ വഴികളിലൂടെയും ഇടുങ്ങിയ ഗ്രാമപാതകളിലൂടെയും ഈ സകൂട്ടര്‍ ചീറിപ്പായുമ്പോള്‍, അത് വെറുമൊരു യാത്രയല്ല, ജനാധിപത്യ പ്രക്രിയയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.
മാതൃകയാവുന്ന ദൃഢനിശ്ചയം
വോട്ട് സംബന്ധമായ കാര്യങ്ങള്‍ക്കായി ആളുകള്‍ കാത്തിരിക്കുമ്പോള്‍ കൃത്യസമയത്ത് മുന്നിലെത്തുന്ന ഇദ്ദേഹം, എല്ലാ രേഖകളും പരിശോധിച്ച്, വിവരങ്ങള്‍ ശേഖരിച്ച്, പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തന്റെ ചുമതലകള്‍ പൂര്‍ണ്ണതയോടെ നിര്‍വഹിക്കുന്നു. അദ്ദേഹത്തിന്റെ ഈ ദൃഢനിശ്ചയം, ജോലിഭാരം പറഞ്ഞ് പരാതിപ്പെടുന്ന മറ്റുള്ളവര്‍ക്ക് ഒരു വലിയ പ്രചോദനമാണ്.
ഭിന്നശേഷി ഒരു പരിമിതിയായി കാണാതെ, അത് കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു ഊര്‍ജ്ജമായി മാറ്റിയ ഈ ബൂത്ത് ലെവല്‍ ഓഫീസര്‍, തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ജനസേവനത്തിന്റെ മഹത്വം വിളിച്ചോതുകയാണ്. ഈ ഉദ്യോഗസ്ഥന്റെ ജീവിതവും ജോലിയോടുള്ള സമീപനവും വരും തലമുറയിലെ ജീവനക്കാര്‍ക്കും പൗരന്മാര്‍ക്കും ഒരുപോലെ പ്രചോദനമാകും എന്നതില്‍ സംശയമില്ല.
പോളിയോ വാക്‌സിന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി കാസറകോടിലൂടനീളം മുച്ചക്ര വാഹനത്തില്‍ യാത്ര നടത്തി ശ്രദ്ധ നേടിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നേരിട്ടഭിനന്ദിച്ചിരുന്നു. കേരള എന്‍ ജി ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ ജോയിന്റ് സെക്രട്ടറി, ഭിന്നശേഷി ജീവനക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഡി എ ഡബ്ലിയൂ എഫ് സംഘടനയുടെ ഏരിയ സെക്രട്ടറി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാന്‍മ ഗ്രന്ഥാലയം ജോയിന്റ് സെക്രട്ടറി എന്നീ നിലയില്‍ ഹക്കീം പ്രവര്‍ത്തിക്കുന്നു.




