പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് വേണ്ടന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബിജെപി ഉള്‍പ്പടെ വീണ്ടും അവസരം മുതലെടുക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
അതേസമയം, സ്‌പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ശബരിമലയെ വീണ്ടും സംഘര്‍ഷഭരിതമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷത്തേതുപോലെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റെയും തീരുമാനം ഭക്തരില്‍ അടിച്ചേല്‍പിച്ചാല്‍ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും ആര്‍ വി ബാബു അറിയിച്ചു.