വിനോദസഞ്ചാര സാധ്യതയേറുന്നു

മുള്ളേരിയ : പയസ്വിനി-ചന്ദ്രഗിരി പുഴയുടെ തീരങ്ങള്‍ വിനോദസഞ്ചാര ഭൂപടത്തില്‍ ശക്തമായ സാന്നിധ്യത്തിന് സാധ്യതയേറെയാണ്. പഞ്ചിക്കല്‍ മുതല്‍ തളങ്കര വരെ നീളുന്ന പുഴയോരമേഖലയില്‍ വിവിധ ഭാഗങ്ങളിലായി ഗ്രാമീണ-പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതികള്‍ക്ക് വലിയ സാധ്യതയുണ്ട്.

കടുമനയില്‍ ടൂറിസം ഗ്രാമം
കടുമനപ്രദേശം ഗ്രാമീണടൂറിസത്തിന്റെ മാതൃകാഗ്രാമമായി വികസിപ്പിക്കണം. മുള്ളേരിയ, പാര്‍ത്തകൊച്ചി, ബളക്ക അടക്കതൊട്ടി റോഡും വികസിപ്പിക്കണം.
കടുമനയിലേക്ക് യാത്രാസൗകര്യം കൂട്ടണം. നാട്ടിന്‍പുറ ജീവിതരീതികള്‍, പുഴയോര കൃഷി, ഹോംസ്റ്റേ, നാട്ടുഭക്ഷണമേളകള്‍ എന്നിവ ഉള്‍പ്പെടുത്തി ‘ടൂറിസഗ്രാമം’ രൂപപ്പെടുത്തണം. കുടുംബശ്രീ യൂണിറ്റുകളും യുവജനകൂട്ടായ്മ്മകളും പങ്കാളികളാകണം.
ബളവന്തടുക്ക വനയാത്രയും ചൊട്ടയിലെ കാനനഭംഗിയും
:ബളവന്തടുക്ക മേഖലയില്‍ നിയന്ത്രിത വനയാത്ര പാക്കേജുകള്‍ ഒരുക്കണം. തൂക്കുപാലവും കടന്ന് ബളവന്തടുക്ക കാര്‍ഷിക ഗ്രാമത്തെ അടുത്തറിയാം. കുണിയേരി വനയാത്രയും ചൊട്ടപ്പാലത്തിന് സമീപത്തെ കാനനഭംഗിസാധ്യതകള്‍ ഉപയോഗിക്കണം.

എരിഞ്ഞിപ്പുഴ റിസോര്‍ട്ടും അരിയില്‍ വാട്ടര്‍ സ്‌പോര്‍ട്സും
:എരിഞ്ഞിപ്പുഴമേഖലയില്‍ പരിസ്ഥിതിസൗഹൃദ റിസോര്‍ട്ട് പദ്ധതി സകരണമേഖലയില്‍ നിലവിലുണ്ട്. ബോവിക്കാനം കുറ്റിക്കോല്‍ പ്രധാന പാതയരികില്‍ പുഴയോര ഭക്ഷണകേന്ദ്രവും തുടങ്ങാം.
അതേസമയം, അരിയില്‍ ഭാഗത്ത് കായാക്കിങ്, പെഡല്‍ ബോട്ടിങ് പോലുള്ള ലഘു വാട്ടര്‍ സ്‌പോര്‍ട്സ് ആരംഭിക്കാന്‍ സാധ്യതയുണ്ട്. സുരക്ഷയും മലിനീകരണ നിയന്ത്രണവും മുന്‍ഗണനയായിരിക്കണം.
മുനമ്പം, ബാവിക്കര, തെക്കില്‍, പുലിക്കുന്ന്-പുഴയോര വിനോദപാത
ബാവിക്കര പ്രദേശത്ത് ചെറിയ ബോട്ട് ജെട്ടി, ഫുഡ് കോര്‍ട്ട്, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ആസൂത്രണം ചെയ്യാം. തളങ്കരയില്‍ പാര്‍ക്ക്, വാക്ക് വേ, ലൈറ്റിങ് സംവിധാനങ്ങള്‍. കാസര്‍കോട് ചന്ദ്രഗിരി പുഴയോര സൈക്കിള്‍ ട്രാക്ക് വികസിപ്പിച്ചാല്‍ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും സായാഹ്ന വിനോദകേന്ദ്രമാകും. റെയില്‍വേ സ്റ്റേഷനിലേക്ക് നല്ലൊരു ബദല്‍പാതയുമാകും.

കുണ്ടാര്‍, തൈരെ, മുണ്ടക്കൈ വ്യൂ പോയിന്റ്
:കുണ്ടാര്‍ മായിലാകോട്ട കുന്നില്‍ കൃഷിവകുപ്പിന് കീഴില്‍ നിലവില്‍ വ്യൂ പോയിന്റ് ആരംഭിച്ചിട്ടുണ്ട്. പയസ്വിനി പുഴയും ചുറ്റുപാടുമുള്ള കുന്നുകളുടെ ദൃശ്യഭംഗി ആസ്വദിക്കാന്‍ പറ്റുന്ന വട്ടംതട്ട, തൈര, മുണ്ടക്കൈ എന്നിവിടങ്ങളിലൊക്കെ വ്യൂ പോയിന്റിനും ചെറുപാര്‍ക്കിനും സാധ്യതയേറെയാണ്.
പഞ്ചിക്കല്ല്, പരപ്പ പഠനകേന്ദ്രങ്ങള്‍
കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ പഞ്ചിക്കല്ലില്‍ ദൃശ്യവിസ്മയമുള്ള പാര്‍ക്ക് ടൂറിസത്തിന് ഉണര്‍വ് നല്‍കും. അയല്‍ സംസ്ഥാന സഞ്ചാരികള്‍ക്കും എത്താന്‍ എളുപ്പമാകും. കുടക് ടൂറിസവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാനും പറ്റും. പരപ്പയില്‍ കാനന പഠനകേന്ദ്രം ആരംഭിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിപഠനത്തിന് പ്രായോഗിക സൗകര്യം ലഭിക്കും.

മുന്‍പൊരിക്കല്‍ തുടങ്ങിയതാണ്. പരപ്പ ഫോറസ്റ്റ് കെട്ടിടത്തില്‍ കുട്ടികള്‍ക്ക് വനത്തെ കുറിച്ച് പഠിക്കാന്‍ ക്യാമ്പ് സൗകര്യം ഒരുക്കിയതാണ്. പിന്നീട് നിര്‍ത്തലാക്കിയത് വീണ്ടും തുടങ്ങാവുന്നതാണ്.
കരിച്ചേരിയില്‍ ഇരുകരയിലും വ്യൂപോയിന്റ് സാധ്യതകളുണ്ട്. തെക്കില്‍ മുതല്‍ പെരുമ്പള വരെ പുഴയോര വിനോദയാത്ര (റിവര്‍ സൈഡ് കോറിഡോര്‍) രൂപപ്പെടുത്തണം. ചേരൂരില്‍ റിവര്‍ വ്യൂപോയിന്റ് കൂടുതല്‍ സൗകര്യം ഒരുക്കണം. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള പദ്ധതി, മാലിന്യനിര്‍മാര്‍ജന സംവിധാനം, പ്രാദേശിക തൊഴിലവസര സൃഷ്ടി എന്നിവ ഉറപ്പാക്കിയാല്‍ പയസ്വിനി ചന്ദ്രഗിരി തീരങ്ങള്‍ കാസര്‍കോടിന്റെ പുതിയ ടൂറിസം ഹബ്ബായി മാറും.

Scroll to Top