ഏലം ഉല്‍പാദന മേഖലകളില്‍ പകല്‍ താപനില പതിവിലും വര്‍ധിക്കുന്നത് ഉല്‍പാദകരെ ആശങ്കയിലാക്കി. വേനല്‍ മഴയുടെ അഭാവത്തില്‍ പല തോട്ടങ്ങളും വരള്‍ച്ചയുടെ പിടിയില്‍ അമരുമെന്ന സൂചനയാണ് ലഭ്യമാവുന്നത്. ചൂട് ഇനിയും ഉയര്‍ന്നാല്‍ ജലസേചന മാര്‍ഗങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കില്‍ ശരങ്ങള്‍ക്ക് വാട്ടം സംഭവിക്കാം. അറബ് രാജ്യങ്ങള്‍ റമസാന്‍ കാലമായതിനാല്‍ പുതിയ വ്യാപാരങ്ങളില്‍ നിന്നും അല്‍പം പിന്തിരിഞ്ഞു, എന്നാല്‍ ഈസ്റ്റര്‍ ഡിമാന്‍ഡ് മുന്നില്‍ കണ്ട് യൂറോപ്യന്‍ വാങ്ങലുകാര്‍ കച്ചവടങ്ങള്‍ക്ക് ഉത്സാഹിക്കുന്നുണ്ട്. കാലാവസ്ഥ മാറ്റങ്ങള്‍ക്കിടയില്‍ 51,593 കിലോ ഏലക്ക വില്‍പനയ്ക്ക് എത്തിയതില്‍ 51,646 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2312 രൂപയായി താഴ്ന്നു. മികച്ചയിനങ്ങള്‍ 2822 രൂപയിലും കൈമാറി.
ദക്ഷിണേന്ത്യന്‍ നാളികേരോല്‍പന്നങ്ങള്‍ രൂക്ഷമായ വില തകര്‍ച്ചയില്‍. ഉല്‍പാദനത്തില്‍ മുന്നില്‍ നിലകൊള്ളുന്ന തമിഴ്നാട്ടില്‍ പച്ചതേങ്ങയ്ക്കും കൊപ്രയ്ക്കും വ്യവസായിക ഡിമാന്‍ഡ് മങ്ങിയത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. കാങ്കയത്ത് കൊപ്രയ്ക്ക് 500 രൂപയും വെളിച്ചെണ്ണയ്ക്ക് 625 രൂപയും ഇടിഞ്ഞു. ഇതിന്റെ ചുവട് പിടിച്ച് കൊച്ചിയില്‍ എണ്ണ, കൊപ്ര വിലകള്‍ 300 രൂപ വീതം താഴ്ന്നപ്പോള്‍ തൃശൂരും കോഴിക്കോടും ക്വിന്റലിന് 400 രൂപ വീതം കുറഞ്ഞു. വില തകര്‍ച്ചയ്ക്ക് ഇടയില്‍ വിളവെടുപ്പിന് മുതിരണോ, അതോ കാത്തിരുന്നാല്‍ മെച്ചപ്പെട്ട വിലയ്ക്ക് അവസരം ലഭിക്കുമൊയെന്ന് ഉറ്റുനോക്കുകയാണ് കര്‍ഷകര്‍.
വിദേശ നിക്ഷേപകര്‍ ജാപ്പനീസ് വിപണിയില്‍ റബറില്‍ താല്‍പര്യം കാണിച്ചില്ല. വാരാരംഭത്തില്‍ കിലോ 380 യെന്‍ വരെ കയറിയ റബര്‍ ഇന്ന് 366 ലേക്ക് ഇടിഞ്ഞത് റബര്‍ ഉല്‍പാദന രാജ്യങ്ങളിലെ സ്റ്റോക്ക് എടുക്കുന്നവരെ സമ്മര്‍ദത്തിലാക്കി. ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 231 രൂപയാണ്. കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ കിലോ 216 രൂപയിലും അഞ്ചാം ഗ്രേഡ് 213 രൂപയിലും സ്റ്റെഡിയാണ്.




