മംഗല്‍പാടിയിലെ സ്വര്‍ണനാണയ സമ്മാനം; ഒരു ട്വിസ്റ്റ്

കുമ്പള: ചുമതലയേറ്റയുടനെ പ്രസിഡണ്ടിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള അംഗങ്ങളുടെ നീക്കമാണ് മംഗല്‍പാടി പഞ്ചായത്തിലെ സ്വര്‍ണ്ണ വിസ്മയത്തിന് പിന്നിലെന്ന് സൂചന. മുസ്ലിം ലീഗിന്റെ പഞ്ചായത്തിലെ സര്‍വ്വശക്തനായിരുന്ന ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറുടെ ബന്ധുവായ ഗോള്‍ഡന്‍ റഹ്‌മാന്‍ പഞ്ചായത്ത് പ്രസിഡന്റായതോടെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറുടെ സ്റ്റൈല്‍ പുറത്തെടുത്തതാണ് അംഗങ്ങളെ പ്രകോപിതരാക്കിയതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. അംഗങ്ങളോട് ഓഫീസില്‍ പതിവായി എത്തേണ്ട സമയവും തിരിച്ചുപോകേണ്ട സമയവും ഏകപക്ഷിയമായി തീരുമാനിച്ച് അറിയിക്കുകയും അംഗങ്ങള്‍ വരുമ്പോഴും പോകുമ്പോഴും അക്കാര്യം തന്നെ അറിയിച്ചായിരിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തതില്‍ മെമ്പര്‍മാര്‍ അസ്വസ്ഥരാവുകയായിരുന്നത്രേ. ഇതില്‍ കൂടുതല്‍ അസ്വസ്ഥരായ 10 മെമ്പര്‍മാര്‍ ഇക്കാര്യം മണ്ഡലം ലീഗ് ഭാരവാഹികളെ അറിയിച്ചു. പ്രസിഡണ്ടിനു മുക്കുകയറി ട്ടില്ലെങ്കില്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെക്കാനുള്ള തയ്യാര്‍ അവര്‍ അറിയിക്കുകയും ചെയ്തുവത്രേ. മണ്ഡലം കമ്മിറ്റി പരാതിക്കാരെ ശാന്തരാക്കാന്‍ ആദ്യം ശ്രമിച്ചു. അതിനു മെമ്പര്‍മാര്‍ വഴങ്ങുന്നില്ലെന്ന് ബോധ്യമായപ്പോള്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയായിരുന്നു. ആ ചര്‍ച്ചയില്‍ ഒറ്റയാള്‍ സമീപനം പ്രസിഡണ്ട് അവസാനിപ്പിച്ചുവെന്നും എല്ലാവരും സൗഹൃദം പങ്കുവെച്ച് പിരിയുകയായിരുന്നുവെന്നും പറയുന്നു. ആ സൗഹൃദം ഭരണകാലം മുഴുവനും തുടര്‍ന്നും നിലനിറുത്താനുള്ള നീക്കത്തിന്റെ ഉപഹാരമായിരുന്നു സ്വര്‍ണ്ണനാണയങ്ങളും ടാബുകളുമെന്ന് മെമ്പര്‍മാരും പ്രവര്‍ത്തകരും അടക്കിപ്പിടിച്ചു പറയുന്നു.
ചര്‍ച്ചയിലെ വിവരങ്ങളൊന്നും പുറത്താരും അറിയരുതെന്ന ഉപദേശം ചര്‍ച്ചക്കൊടുവില്‍ ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. എങ്കിലും സന്തോഷം കൊണ്ട് പറയാതിരിക്കാനാവുന്നില്ലെന്നു പറയുന്നു.

Scroll to Top