കാസര്‍കോടിന്റെ അടയാളമായി ‘അമ്മയും കുഞ്ഞും’; ജില്ലാ പഞ്ചായത്ത് മുറ്റത്തെ ശില്പം അതിവേഗം പൂര്‍ത്തിയാകുന്നു
വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത, കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ‘അമ്മയും കുഞ്ഞും’ ശില്പം വൈകാതെ നാടിന് സമര്‍പ്പിക്കും. പ്രായാധിക്യം കണക്കിലെടുക്കാതെ ശില്പി നേരിട്ടെത്തിയാണ് ശില്പത്തിന്റെ അവസാനഘട്ട മിനുക്കുപണികള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അതിജീവനത്തിന്റെയും വേദനയുടെയും പ്രതീകമായി ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ഈ ചരിത്രസ്മാരകം, പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൂര്‍ണ്ണമാകുന്നത്.
വാര്‍ദ്ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ചാണ് കാനായി കുഞ്ഞിരാമന്‍ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ വീണ്ടും എത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലുണ്ടായ വീഴ്ചയെത്തുടര്‍ന്ന് മാസങ്ങളോളം ചികിത്സയിലായിരുന്ന അദ്ദേഹം, ഭാര്യ നളിനിയുടെ പിന്തുണയോടെയാണ് 40 അടി ഉയരമുള്ള ഈ കോണ്‍ക്രീറ്റ് ശില്പത്തിന്റെ ഓരോ ചലനവും വിലയിരുത്തുന്നത്. തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ നിലവില്‍ ശില്പത്തിന്റെ ഉപരിതല ജോലികളില്‍ വ്യാപൃതരാണ്.
കാസര്‍കോട് ജില്ലാ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പലവിധ കാരണങ്ങളാല്‍ ശില്പത്തിന്റെ നിര്‍മ്മാണം ഇടക്കാലത്ത് നിലച്ചുപോയിരുന്നുവെങ്കിലും, എത്രയും വേഗം പണികള്‍ പൂര്‍ത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇപ്പോഴത്തെ ഭരണസമിതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ശില്പം ജനങ്ങള്‍ക്കായി തുറന്നുനല്‍കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഈ ശില്പം വലിയൊരു അടയാളപ്പെടുത്തലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
photo- ശില്‍പനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്‍.
ചീമേനി ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും
മലയോര ജനതയുടെ ദീര്‍ഘകാലമായുള്ള സുരക്ഷാ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി ചീമേനി ഫയര്‍ സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനമെടുത്തതോടെ ഇതിനായുള്ള നടപടിക്രമങ്ങള്‍ വേഗത്തിലായി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ ശുപാര്‍ശയില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
2024-25 സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് സ്റ്റേഷന്റെ നിര്‍മ്മാണം നടക്കുന്നത്. പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം സമര്‍പ്പിച്ച ഡി.പി.ആറിന് നേരത്തെ തന്നെ ഭരണാനുമതി ലഭിച്ചിരുന്നു. സ്വന്തം കെട്ടിടം പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്ന സാഹചര്യത്തില്‍, കയ്യൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പഴയ കെട്ടിടത്തില്‍ സ്റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുണ്ടായിരുന്ന മൂന്നേക്കര്‍ ഭൂമിയാണ് സ്റ്റേഷനായി നീക്കിവെച്ചിട്ടുള്ളത്.
ഏകദേശം 560 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരുങ്ങുന്ന പുതിയ കെട്ടിടത്തില്‍ അഞ്ച് ഫയര്‍ എഞ്ചിനുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന ഗ്യാരേജ്, മെക്കാനിക്ക് റൂം, വുമണ്‍സ് റെസ്റ്റ് റൂം, വിശാലമായ ഓഫീസ് സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. ചീമേനി-കുന്നുംകൈ റോഡില്‍ നിന്ന് സ്റ്റേഷനിലേക്ക് പ്രത്യേകമായി 50 മീറ്റര്‍ ടാറിംഗ് റോഡും വാട്ടര്‍ സബ് ടാങ്കും അനുബന്ധ ഇന്റര്‍ലോക്ക് സൗകര്യങ്ങളും നിര്‍മ്മിക്കും. ആകെ തുകയില്‍ 20 ലക്ഷം രൂപ വൈദ്യുതീകരണത്തിനും ആറ് ലക്ഷം രൂപ ഇലക്ട്രോണിക്സ് ജോലികള്‍ക്കുമായും മാറ്റിവെച്ചിട്ടുണ്ട്. മലയോര മേഖലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ വേഗത നല്‍കുന്ന ഒന്നായി ഈ അഗ്നിരക്ഷാ നിലയം മാറും.
അമ്മമാരിലൂടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠന പിന്തുണ; കുടുംബശ്രീയുടെ ‘അമ്മ ടീച്ചര്‍’ പദ്ധതിക്ക് തുടക്കം
കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍, ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘അമ്മട്ടീച്ചര്‍’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം നഗരസഭാ ഹാളില്‍ നടന്നു. എം.രാജഗോപാലന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. അയല്‍ക്കൂട്ട കുടുംബങ്ങളിലെ നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, അമ്മമാരുടെ സഹായത്തോടെ വീടുകളില്‍ ഇംഗ്ലീഷ് പഠനത്തിന് പിന്തുണ നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘സുരക്ഷിത ബാല്യം, മികവാര്‍ന്ന രക്ഷകര്‍തൃത്വം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ അമ്മമാര്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയം പൂര്‍ണ്ണമായി സാധ്യമാക്കാനും ലക്ഷ്യമിടുന്നു.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ, കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബാക്ക് ടു ഫാമിലി ക്യാമ്പയിന് ലഭിച്ച പങ്കാളിത്ത സമീപനത്തിനുള്ള ഏറ്റവും വലിയ സാമൂഹിക ശാക്തീകരണ പഠന പരിപാടി ടാലന്റ് റെക്കോഡ് ബുക്കിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ പുരസ്‌കരം സ്വീകരണ ചടങ്ങും നടന്നു. പുരസ്‌കാര സമര്‍പ്പണം ഗിന്നസ് സത്താര്‍ ആദൂര്‍ നിര്‍വ്വഹിച്ചു.എംഎല്‍എ എം.രാജഗോപലന്‍ ഏറ്റുവാങ്ങി. ബാക്ക് ടു ഫാമിലി കാമ്പയിന്‍ പദ്ധതിയുടെ തുടര്‍ച്ചയായാണ് ‘അമ്മ ടീച്ചര്‍’ പരിപാടി ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി അയല്‍ക്കൂട്ടങ്ങളിലെ അമ്മമാര്‍ക്ക് 25 ദിവസം കൊണ്ട് 50 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം നല്‍കും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍, ജില്ലയിലെ എല്ലാ സിഡിഎസ്സുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാന്നൂറോളം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലക പരിശീലന പരിപാടിയാണ് മാര്‍ച്ച് ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കുന്നത്. ഈ പരിശീലകര്‍ വഴിയാണ് പദ്ധതി അയല്‍ക്കൂട്ട തലങ്ങളിലേക്ക് എത്തുന്നത്.
ഉദ്ഘാടന ചടങ്ങില്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് പദ്ധതി വിശദീകരിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദുരാജ്, കെ.വി.രവീന്ദ്രന്‍ സംസാരിച്ചു. എ.ഡി.എം.സി കെ.എം കിഷോര്‍ കുമാര്‍ സ്വാഗതവും ഡി.പി.എം മനു.എസ് നന്ദിയും പറഞ്ഞു. രണ്ടു ഘട്ടമായി നടക്കുന്ന പരിശിലനപരിപാടിയില്‍, നീലേശ്വരം കൂടാതെ, പിലിക്കോട്, കാഞ്ഞങ്ങാട്, പള്ളിക്കരയിലും സെന്ററുകളുണ്ട്. ഡോ. പി.ഭാസ്‌കരന്‍നായര്‍, കെ.വി.രവീന്ദ്രന്‍, എ.വി.സന്തോഷ് കുമാര്‍, രാധാകൃഷ്ണന്‍ ആലുവീട്ടില്‍, ശാന്തകുമാര്‍, കെ.ബാലകൃഷ്ണന്‍, ഷീബ ബഷീര്‍, ശ്യാമിലി, എം.കെ.വിജയകുമാര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു. സുരക്ഷിതമായ ബാല്യം ഉറപ്പുവരുത്തി, മികച്ച രക്ഷാകര്‍തൃത്വത്തിലൂടെ സന്തുഷ്ട കുടുംബം എന്ന ആശയത്തിലേക്ക് സമൂഹത്തെ നയിക്കുകയാണ് ഈ പദ്ധതിയെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അറിയിച്ചു.
പ്രൊജക്ട് എക്സ്പോ സംഘടിപ്പിച്ചു
വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രൊജക്ട് എക്സ്പോ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.മുഹമ്മദ് ഷെക്കൂര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ റിസര്‍ച്ച് ഡീന്‍ ഡോ. പി.പ്രമോദ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് അസോസിയേഷന്‍ സെക്രട്ടറി ശ്രീനിവാസ്, മ്യുലേണ്‍ ക്ലബ്ബ് എക്ലിക്യൂട്ടിവ് മെമ്പര്‍ റിദ്ധ എന്നിവര്‍ സംസാരിച്ചു.
നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ജനോപകാര പ്രദമായ പ്രൊജക്ടുകളുടെ പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് വേറിട്ട ഒരു അനുഭവമായി. ‘ടെക്നോളജി ഫോര്‍ സൊസൈറ്റി’ എന്നതായിരുന്നു പ്രൊജക്ട് എക്സ്പോ യുടെ തീം. ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ത്ഥികളായ അമല്‍ ദേവ്, അബ്ദുള്‍ റഷീദ്, യാന്‍ കൃഷ്ണന്‍, വൈഷ്ണവ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിച്ച യൂസര്‍ ഓതന്റിക്കേഷനോടുകൂടിയ വോട്ടിംഗ് മെഷീന്‍ ഒന്നാം സ്ഥാനം നേടി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുള്ള ബ്രെയ്ലി പ്രിന്റര്‍, ഇലക്ട്രിക്കല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള സ്മാര്‍ട്ട് വയര്‍ലെസ് ചാര്‍ജ്ജിംഗ് ആന്റ് പാര്‍ക്കിംഗ് സിസ്റ്റം എന്നിവ രണ്ടാം സ്ഥാനത്തിന് അര്‍ഹമായി.
ഐ.ഇ.സി ഇന്റേണ്‍ നിയമനം
ജില്ലയില്‍ നടന്നു വരുന്ന വിവിധ ഐ.ഇ.സി പ്രവര്‍ത്തനങ്ങളിലും ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതിനായി ഐ.ഇ.സി ഇന്റേണിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ യോഗ്യതകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നേടിയിട്ടുള്ളവരെ ഒരു വര്‍ഷക്കാലയളവിലേയ്ക്ക് പ്രതിമാസം സ്‌റ്റൈപ്പന്റ് നല്‍കി നിയമിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച്ച 11ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നടക്കും. ഫോണ്‍- 04994- 255350.
അക്ഷയ സംരംഭകരാകാന്‍ അവസരം; അവസാന തീയതി മാര്‍ച്ച് ഏഴ്
പട്ടികജാതി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക ലൊക്കേഷനുകളില്‍ അക്ഷയ സംരംഭകരാകാന്‍ അവസരം അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ രാവണേശ്വരം, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മെട്ടമ്മല്‍, വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ മാടക്കാല്‍, കാറഡുക്ക ഗ്രാമപ്പഞ്ചായത്തിലെ ആധൂര്‍, ചെങ്കള ഗ്രാമ പഞ്ചായത്തിലെ അര്‍ലഡുക്ക എന്നീ ലൊക്കേഷനുകളിലേക്ക് അപേക്ഷിക്കാം. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ മാവുങ്കാല്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ഒടയംചാല്‍ എന്നീ രണ്ട് ലൊക്കേഷനുകള്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. യോഗ്യത- പ്ലസ്ടു, പ്രീഡിഗ്രി. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി 18-50. https://Ibsedp.lbscentre.in/akshaya26/. അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍ – 04994 227170




