‘മാമ്പൂ’ മണം നിറയുന്ന ജീവിതം

കാസര്‍കോട് : മുളിയാര്‍ കൊടവഞ്ചിയിലെ ദേവനാദം
വീട്ടിലേക്കെത്തുമ്പോള്‍ നല്ല മാങ്ങ മുറിച്ചതിന്റെ മണം കിട്ടും. ഇതെന്താ കാര്യമെന്ന് ചോദിച്ചാല്‍ അരുണി പറയും അത് മാമ്പൂവിന്റേതാണെന്ന്. മുഖം ചുളിച്ചാല്‍ ചിരിയോടെ വീട്ടില്‍ സൂക്ഷിച്ച അച്ചാര്‍ കുപ്പികള്‍ കാണിക്കും. ‘ മാമ്പൂ’വിലൂടെ അരുണിയുടെ ജീവിതം പച്ചപിടിക്കുകയാണ്. മാങ്ങക്കൊപ്പം ഓര്‍ഡറനുസരിച്ച് നാരങ്ങ, നെല്ലിക്ക, കാന്താരി എന്നിവയുമുണ്ട്. അയല്‍പക്കക്കാര്‍ക്ക് വിതരണം ചെയ്തുകൊള്ളാമെന്ന് ഉറപ്പാക്കിയശേഷം അരുണി ഈ കുഞ്ഞുസംരംഭത്തിലൂടെ തന്റെ വിരസമായ ഇടവേളകളെ മറികടക്കുകയാണ്. ഒരു കിലോ അച്ചാറില്‍ തുടങ്ങിയത് മാസങ്ങള്‍ക്കുള്ളില്‍ ഉത്പാദനം കൂട്ടി. ഒരു തവണ 20 കിലോ വരെയുണ്ടാക്കുന്നു. വില്പന നാട്ടില്‍ മാത്രമല്ല, ജില്ലയ്ക്കപ്പുറത്തേക്കും പോകുന്നു. സാമൂഹികമാധ്യമം വഴിയാണ് മാമ്പൂ അച്ചാറിന്റെ പ്രചാരണം. അത് കണ്ട് തിരുവനന്തപുരത്തേക്കുവരെ അച്ചാര്‍ കുറിയറില്‍ പറക്കുന്നു.

എങ്ങനെയാണ് ഇങ്ങനെയൊരു സംരംഭത്തിലേക്ക് എത്തിയതെന്ന് ചോദിച്ചാല്‍ തന്റെ അടുത്തുള്ള മകന്‍ 14-കാരാനായ കുഞ്ഞൂനെ (ദേവ് നാഥ്) കെട്ടിപ്പിടിക്കും അരുണി. നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലേക്ക് കടന്നുവന്ന കണ്‍മണിയാണവന്‍. 14 വയസ്സ് കഴിഞ്ഞ അവന്‍ നടന്നിട്ടില്ല, അമ്മേയെന്നോ അച്ഛായെന്നോ വിളിച്ചിട്ടില്ല. എന്‍ഡോസള്‍ഫാനെന്ന വിഷപ്രയോഗത്തിന്റെ ഇരയായ ആ ബാല്യം അച്ഛനമ്മമാരുടെ ചൂടേറ്റ് തോളില്‍ ചാരിക്കിടക്കുമ്പോള്‍ അത് കാണുന്നവരും ഏറെ പ്രയാസപ്പെടും. പക്ഷേ, അവന്റെ ചിരിയില്‍ എല്ലാം മറക്കും. മുളിയാര്‍ കൊടവഞ്ചിയിലെ അരുണിയും ചന്ദ്രനും ഇന്ന് ജീവിക്കുന്നത് അവന്റെ സന്തോഷങ്ങള്‍ക്കായാണ്. കുഞ്ഞുവിനെ വിട്ട് പുറത്തുപോയി ജോലിചെയ്യാനാകില്ല. അങ്ങനെയാണ് അരുണി അച്ചാര്‍ സംരംഭത്തിലേക്ക് കാലെടുത്തുവെച്ചത്.

മൂന്നുവര്‍ഷമായി അച്ചാര്‍വില്പന നടത്തുന്നുണ്ട്. ഡിസംബറില്‍ മാമ്പൂവെന്ന പേര് നല്‍കി. പിന്നീട് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസന്‍സ് എടുത്തു. അച്ചാറിനുള്ള മാങ്ങ നാട്ടില്‍നിന്ന് വാങ്ങിക്കും. വീടിന്റെ അടുക്കളയോട് ചേര്‍ന്നാണ് നിര്‍മാണം. സംരംഭം കുറച്ചുകൂടി വിപുലമാക്കണമെന്നും അതിന് വ്യവസായവകുപ്പിനെ സമീപിക്കണമെന്നും ആഗ്രഹമുണ്ട്. ചെങ്കല്ല് ലോറിഡ്രൈവറായ ഭര്‍ത്താവ് ചന്ദ്രനും അരുണിക്കൊപ്പം പിന്തുണയുമായുണ്ട്. നേരത്തേ തന്റെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതി പേറ്റുനോവൊഴിയാതെ എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ തമിഴ് വിവര്‍ത്തനവും പുറത്തുവന്നു.

Scroll to Top