റിയാദ്/ഗുരുഗ്രാം: സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകള്‍ തുറന്നിരിക്കുന്ന സാഹചര്യത്തില്‍, ജിദ്ദയിലേക്കും മസ്‌കറ്റിലേക്കുമുള്ള സര്‍വിസുകള്‍ തുടരുമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. നിലവില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗലാപുരം, കണ്ണൂര്‍, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് മസ്‌കറ്റിലേക്കുമുള്ള ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വിസ് നടത്തുന്നുണ്ട്.
മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി മാര്‍ച്ച് എട്ടിന് പ്രത്യേക അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും യു.എ.ഇ
നഗരങ്ങളായ ദുബൈ, അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ എന്നിവടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 30-ലധികം അധിക വിമാനങ്ങളാണ് സര്‍വിസ് നടത്തുക. കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്കും നേരത്തെ ബുക്ക് ചെയ്തവര്‍ക്കുമായിരിക്കും ഈ വിമാനങ്ങളില്‍ മുന്‍ഗണന.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്‌റൈന്‍, ദമ്മാം, ദോഹ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ മാര്‍ച്ച് 13 വരെ റദ്ദാക്കി. എയര്‍ ഇന്ത്യയുടെ ദമ്മാം, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ മാര്‍ച്ച് 10 വരെ റദ്ദാക്കി.
ഈ വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് അധിക തുക നല്‍കാതെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനോ (റീ ബുക്കിങ്), അതല്ലെങ്കില്‍ ടിക്കറ്റ് തുക പൂര്‍ണമായും തിരികെ ലഭിക്കാനോ അവസരമുണ്ട്. യുഎഇയില്‍ നിന്ന്
യാത്ര ചെയ്യേണ്ടവര്‍ക്ക് യുഎഇയിലെ ഏതൊരു വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും അധിക ചെലവില്ലാതെ റീബുക്ക് ചെയ്യാവുന്നതാണ്.
യാത്രക്കാര്‍ ശ്രദ്ധിക്കാന്‍
യാത്രക്കാര്‍ തങ്ങളുടെ കൃത്യമായ മൊബൈല്‍ നമ്പറുകള്‍ എയര്‍ലൈന്‍സില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയോ, 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ട്
നമ്പറുകളായ +91 11 69329333, +91 11 69329999 വഴിയോ മാറ്റങ്ങള്‍ വരുത്താം. കൂടാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് വാട്സാപ്പ് വഴിയും (+91 63600 12345) സഹായം തേടാവുന്നതാണ്.




