ദേശീയപാത: ആദ്യ റീച്ചിന്റെ ഉദ്ഘാടനത്തിളക്കത്തില്‍ കാസര്‍കോട്

കാസര്‍കോട്: ദേശീയപാതയുടെ സംസ്ഥാനത്തെ ആദ്യ റീച്ചായ തലപ്പാടി-
ചെങ്കള റീച്ച് ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച നടക്കും. സംസ്ഥാനത്ത് ആദ്യമായി നിര്‍മാണം പൂര്‍ത്തിയാക്കിയ റീച്ച് ബുധനാഴ്ച കൊച്ചിയില്‍നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കുന്നത്. റീച്ചിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് ക്രെഡിറ്റ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) 2025 ഓഗസ്റ്റില്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു.

ദേശീയപാത ആറുവരിപ്പാതയാക്കിയ ഭാഗത്തെ പരിശോധന പൂര്‍ത്തിയായെന്ന് ദേശീയപാത അതോറിറ്റി സാക്ഷ്യപ്പെടുത്തുന്ന പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഒക്ടോബറില്‍ത്തന്നെ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ഈ പാതയാണ് ബുധനാഴ്ച ഔദ്യോഗികമായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.

ദേശീയപാതാ അതോറിറ്റയുടെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റീച്ചാണിത്. വന്‍കിട കമ്പനികളായ അദാനി, മേഘ, കെ.എന്‍.ആര്‍., കെ.എം.സി. തുടങ്ങിയവയാണ് മറ്റു റീച്ചുകളിലെ കരാറുകാര്‍. എന്നാല്‍ അവരേക്കാള്‍ വേഗത്തില്‍ 39 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റീച്ചിലെ എല്ലാം പ്രവൃത്തിയും തീര്‍ക്കാനായാത് സൊസൈറ്റിയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായിരുന്നു.
2021 നവംബറില്‍ തുടങ്ങിയ നവീകരണം ഡിസൈനിങ്ങിലെ മാറ്റം, നീണ്ടുനിന്ന മഴക്കാലം, അധിക പ്രവൃത്തി തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഊരാളുങ്കല്‍ പൂര്‍ത്തിയാക്കിയത്. ഈ റീച്ചില്‍ അനധികൃതമായി തുടങ്ങിയ ടോള്‍പ്പിരിവും ഏറെ ജനകീയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഈ റീച്ചിലെ ഒറ്റത്തൂണ്‍ മേല്‍പ്പാലമാണ് ദേശീയപാതയെ ശ്രദ്ധയിലേക്കെത്തിച്ചത്. കാസര്‍കോട് നഗരത്തിലെ മേല്‍പ്പാലമാണ് ഒറ്റത്തൂണുകളിലായി ഉയര്‍ന്നത്. ആറുവരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം ദക്ഷിണേന്ത്യയില്‍ ആദ്യത്തേതാണ്. രാജ്യത്തെതന്നെ ഏറ്റവും ഉയരവും വീതിയുമുള്ളതാണ് ഈ മേല്‍പ്പാലമെന്നതും പ്രത്യേകതയാണ്.
മനുഷ്യന്റെ തോളെല്ലിനോട് രൂപസാദൃശ്യം തോന്നുന്ന രീതിയിലാണ് ഈ പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 27 മീറ്ററാണ് പാലത്തിന്റെ വീതി ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് സാധാരണ ഗതിയില്‍ പാലങ്ങള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ ഇതിന് മധ്യത്തില്‍ ഒറ്റത്തൂണ്‍ മാത്രമാണുള്ളത്. കറന്തക്കാട്ടെ കാസര്‍കോട് അഗ്നി രക്ഷാ സേനയുടെ ഓഫീസിന് സമീപത്തു നിന്ന് തുട ങ്ങുന്ന പാലം പുതിയ ബസ് സ്റ്റാന്‍ഡും കഴിഞ്ഞ് നുള്ളിപ്പാടി വരെ 1.12 കിലോമീറ്റര്‍ നീളമുണ്ട്. 90 തൂണുകളുള്ള ഈ പാലത്തിന്റെ നിര്‍മാണം ഏപ്രിലോടെയാണ് പൂര്‍ത്തിയാക്കിയത്

നിരീക്ഷണത്തിന് എ.ടി.എം.എസ്.; ക്യാമറ വലയവും
ദേശീയപാതയില്‍ ഗതാഗതനിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റ (എ.ടി.എം.എസ്.)വും കണ്‍ട്രോള്‍ റൂമുമുണ്ട്. 59 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 500 മീറ്റര്‍ ദൂരത്തിലുള്ള ദൃശ്യങ്ങള്‍ വരെ ഒപ്പിയെടുക്കും. ഇതില്‍ 39 എണ്ണം 360 ഡിഗ്രിയില്‍ കറങ്ങുന്നവയാണ്..
ഏതുസമയത്തും അപകടങ്ങളുണ്ടായാല്‍ എ.ടി.എം.എസ്. കണ്‍ട്രോള്‍ മുറിയില്‍ അലാറമോടെ വിവരങ്ങളെത്തും. അപകടം നടന്നാല്‍ 1033 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് സന്ദേശമെത്തിയാല്‍ അവിടുന്ന് ബന്ധപ്പെട്ട കണ്‍ട്രോള്‍ മുറിയിലേക്കും ഉടന്‍ വിവരങ്ങള്‍ കൈമാറും. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉടന്‍ ആശുപത്രി സേവനമുറപ്പാക്കും വിധം ആംബുലന്‍സ് സംവിധാനവും എ.ടി.എം.എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.

നേട്ടംകൊയ്ത് യു.എല്‍.സി.സി.എസും
ആറുവരിയാക്കുന്ന ദേശീയപാത 66-ല്‍ സംസ്ഥാനത്ത് ആകെയുള്ള 23 റീച്ചുകളില്‍ കരാര്‍ ലഭിച്ച കേരളത്തില്‍നിന്നുള്ള ഏകസ്ഥാപനമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി. രാജ്യത്തെ മുന്‍നിര കരാറുകാരെ പിന്നിലാക്കി ആദ്യം നിര്‍മാണം പൂര്‍ത്തിയാക്കാനായതും നേട്ടമായി. ദേശീയപാതാ അതോറിറ്റിയുടെ ഇക്കൊല്ലത്തെ കലന്‍ഡറില്‍ രാജ്യത്തെ മികച്ച 12 റോഡുകളില്‍ ഒന്നായി തലപ്പാടി-ചെങ്കള റോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 39 കിലോമീറ്റര്‍ നീളമുള്ള സ്‌ട്രെച്ചിന്റെ നിര്‍മാണം തുടങ്ങിയത് 2021 നവംബറിലാണ്. 2025 ഓഗസ്റ്റ് 25-ന് പൂര്‍ത്തിയാക്കി.
പ്രകൃതിക്കും മുറിവേല്‍ക്കാതെ
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്ന 40 വര്‍ഷം പ്രായമുള്ള അപൂര്‍വയിനം മാവ് ദേശീയപാതാ വികസനത്തിനായി മുറിക്കേണ്ടിവന്നപ്പോള്‍, കാസര്‍കോട് തോട്ടവിളഗവേഷണകേന്ദ്രത്തിലെ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിന്റെ സഹായത്തോടെ ഗ്രാഫ്റ്റ് ചെയ്ത് 500 തൈ ഉണ്ടാക്കി നട്ടുപിടിപ്പിച്ചു. മുറിക്കേണ്ട മരങ്ങളില്‍ കുമ്പള പാലത്തിന് അരികില്‍ നിന്ന ഈന്തപ്പന കയ്യാറിലെ സൊസൈറ്റിവക തോട്ടത്തില്‍ മാറ്റി നട്ടുവളര്‍ത്തുന്നുണ്ട്. കവയിത്രി സുഗതകുമാരി കാസര്‍കോട് ടൗണില്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം 2006 ഡിസംബര്‍ മൂന്നിനു നട്ട് ‘പയസ്വിനി’ എന്നു പേരിട്ട മാവിനെ താളിപ്പടുപ്പ് അടുക്കത്ത് ബയല്‍ സ്‌കൂളങ്കണത്തിലേക്കു മാറ്റി നട്ടു. മാതൃഭൂമി സീഡും ഇതില്‍ പങ്കാളികളായി. റോഡുപണിക്കു നിലമൊരുക്കി വരുമ്പോള്‍ ഒരിടത്ത് പെരുമ്പാമ്പ് മുട്ടയിട്ടിരിക്കുന്നതു കണ്ട് അവിടുത്തെ പണി 55 ദിവസത്തോളം നിര്‍ത്തിവച്ച് മുട്ടകള്‍ വിരിയാന്‍ കാത്തിരുന്നതും വാര്‍ത്തയായി.

Scroll to Top