കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍; നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായാണ് കൗണ്ടിങ് ഹാള്‍ സജ്ജീകരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ കൗണ്ടിങ് ഹാള്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ കൗണ്ടിങ് ഹാള്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായാണ് ഒരുക്കുന്നത്. നിലവില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലസും സ്വീപ്പിന്റെ ഭാഗമായി വോട്ട് വണ്ടി പ്രയാണം നടത്തി വരികയാണ്. ഇവ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കണം നടത്തി മുന്നേറുകയാണ്. തെറഞ്ഞടുപ്പിന് മുന്നോടിയായി വിവിധ പരിശീലനങ്ങള്‍ നടന്നു വരികയാണ്.
എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ കാസര്‍കോട് ജില്ലയില്‍ 540698 പുരുഷ വോട്ടര്‍മാരും 555530 സ്ത്രീ വോട്ടര്‍മാരും 13 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 1096241 വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 114570 പുരുഷ വോട്ടര്‍മാരും 112833 സ്ത്രീ വോട്ടര്‍മാരും 0 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 227403 വോട്ടര്‍മാരാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 104866 പുരുഷ വോട്ടര്‍മാരും 104866 സ്ത്രീ വോട്ടര്‍മാരും 0 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 209732 വോട്ടര്‍മാരാണുള്ളത്. ഉദുമ മണ്ഡലത്തില്‍ 111473 പുരുഷ വോട്ടര്‍മാരും 115723 സ്ത്രീ വോട്ടര്‍മാരും 4 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 227200 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 108347 പുരുഷ വോട്ടര്‍മാരും 114472 സ്ത്രീ വോട്ടര്‍മാരും 6 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 222825 വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 101442 പുരുഷ വോട്ടര്‍മാരും 107636 സ്ത്രീ വോട്ടര്‍മാരും 3 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമായി ആകെ 209081 വോട്ടര്‍മാരാണുള്ളത്. പുതിയതായി പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഫോം തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിച്ച് വരുന്നുണ്ട്. നിലവില്‍ ലഭിച്ച ഫോമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍ സംസാരിച്ചു. വിവിധ നോഡല്‍ ഓഫീസര്‍മാര്‍, മണ്ഡലം തല വരണാധികാരികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
PHOTO- നിയമസഭാ തെരഞ്ഞെടുപ്പ് 2026 തെരഞ്ഞെടുപ്പ് വരണാധികാരികളുടേയും നോഡല്‍ ഓഫീസര്‍മാരുടേയും യോഗം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേരുന്നു.
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026; ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യനാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചത്.
മാന്‍പവര്‍ മാനേജ്‌മെന്റ്, ക്രമസമാധാനം, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയുടെ നോഡല്‍ ഓഫീസറായി എ.ഡി.എം കെ.വി ശ്രുതിയെയും പരിശീലന വിഭാഗം നോഡല്‍ ഓഫീസറായി ആര്‍.ആര്‍ തഹസില്‍ദാര്‍ കെ.ബി രാമുവിനെയും ഇ.വി.എം (EVM) മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യുവിനെയും, മെറ്റീരിയല്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസറായി സീനിയര്‍ സൂപ്രണ്ട് കെ രമേശനെയും ട്രാന്‍സ്‌പോര്‍ട് മാനേജ്മെന്റ് നോഡല്‍ ഓഫീസറായി ആര്‍.ടി.ഒ ഇന്‍ചാര്‍ജ്ജ് ജെ. ജെറാഡിനെയും കമ്പ്യൂട്ടറൈസേഷന്‍ നോഡല്‍ ഓഫീസറായി ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ കെ ലീനയെയും സ്വീപ് നോഡല്‍ ഓഫീസറായി കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.രതീഷ് കുമാറിനെയും എക്സിപെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസറായി കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രനെയും ബാലറ്റ് പേപ്പര്‍ നോഡല്‍ ഓഫീസറായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.രോഹന്‍ രാജിനെയും, പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ സര്‍വ്വീസ് വോട്ടര്‍ ആന്‍ഡ് ഇ.ഡി.സി നോഡല്‍ ഓഫീസറായി എല്‍.എസ്.ജി.ഡി വിജിലന്‍സ് ഓഫീസര്‍ ടി.ടി സുരേന്ദ്രനെയും മീഡിയ, സോഷ്യല്‍ മീഡിയ വിഭാഗം നോഡല്‍ ഓഫീസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനനെയും എസ്.എം.എസ് മോണിറ്ററിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്നിവയുടെ നോഡല്‍ ഓഫീസറായി സീനിയര്‍ സൂപ്രണ്ട് വി.ശ്രീകുമാറിനെയും ഒബ്‌സര്‍വര്‍ നോഡല്‍ ഓഫീസറായി ഡി.ടി.പി.സി സെക്രട്ടറി കെ.ജിജേഷിനെയും, പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി നോഡല്‍ ഓഫീസറായി സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് എം.അബ്ദുള്ളയെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസറായി ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.ജയനെയും നിയമിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്, രണ്ട് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; ജില്ലാ കളക്ടര്‍
രാഷ്ട്രീയ പാര്‍ട്ടികളുടെ അവലോകനയോഗം ചേര്‍ന്നു
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ നിലവില്‍ രണ്ട് കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കാന്‍ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു. ഭാഷാ പ്രശ്നമുള്ള ഇടങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ അറിയിപ്പുകളും ഉത്തരവുകളും കന്നഡയില്‍ കൂടി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു, വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് എ.രാജീവന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.എം മുസ്തഫ, ഹരീഷ് ബി നമ്പ്യാര്‍, ഹാരിസ് ചൂരി, പി.രമേശ്, കെ.എ മുഹമ്മദ് ഹനീഫ്, വി.രാജന്‍, കെ.വി രവീന്ദ്രന്‍, ഉമ്മര്‍ പാടലടുക്ക എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
PHOTO- രാഷ്ട്രീയ പാര്‍ട്ടികളുടെ അവലോകനയോഗം ചേര്‍ന്നു.




