കുമ്പള: ശിറിയയിലെ എം.സി.സി റോഡ് സ്‌കൂള്‍ ജംഗ്ഷനില്‍ വാഹന മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മലയാളം സംരക്ഷണ സമിതി കാസര്‍ഗോഡ് ഡി.ഡി.ഇയ്ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.
ശിറിയ പ്രദേശം കാസര്‍ഗോഡ് ജില്ലയിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നാണ്. എം.സി.സി റോഡ് സ്‌കൂള്‍ ജംഗ്ഷനില്‍ വാഹന തിരക്ക് വളരെ കൂടുതലായതിനാല്‍ ദിവസേന ഗതാഗത തടസ്സവും അപകട സാധ്യതകളും ഉയരുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് സ്‌കൂള്‍ കുട്ടികളും പൊതുജനങ്ങളും റോഡ് കടക്കുന്നതിനും യാത്ര ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ജംഗ്ഷനില്‍ മേല്‍പ്പാലം ഇല്ലാത്തതിനാല്‍ പലപ്പോഴും ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുകയും വാഹനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റി പോകേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നുവെന്ന് സമിതി അറിയിച്ചു. അടുത്തകാലത്ത് ഇവിടെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
നിലവില്‍ വിദ്യാര്‍ത്ഥികള്‍ എന്‍.എച്ച് മുറിച്ച് കടന്ന് ശിറിയ ഗവണ്‍മെന്റ് സ്‌കൂളിലേക്ക് എത്തുന്നതാണ് പതിവ്. ഇത് വളരെ അപകടകരമായ സാഹചര്യമാണെന്ന് മെമ്മോറാണ്ടത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.
പ്രദേശത്തെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം കാണുന്നതിനായി എം.സി.സി റോഡ് സ്‌കൂള്‍ ജംഗ്ഷനില്‍ അടിയന്തരമായി വാഹന മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടു.
എം.കെ. അലി മാഷ്, ബാലകൃഷ്ണന്‍, നസര്‍ ചെര്‍ക്കള, അബ്ബാസ് ഓണന്ത, മഹ്‌മൂദ് കൈകംബ, നഫീസ ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് കാസര്‍ഗോഡ് ജില്ലാ ഡി.ഡി.ഇയ്ക്ക് മുമ്പാകെ മെമ്മോറാണ്ടം സമര്‍പ്പിച്ചു.
ശിറിയ എം.സി.സി റോഡ് സ്‌കൂള്‍ ജംഗ്ഷനില്‍ വാഹന മേല്‍പ്പാലം അനിവാര്യമാണ്.




