ധാക്ക: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് തിരിച്ചടിക്കുന്നു. ധാക്കയില്‍ നടക്കുന്ന ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 106നെതിരെ ദക്ഷിണാഫ്രിക്ക ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 140 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് നേടിയ സ്പിന്നര്‍ തയ്ജുല്‍ ഇസ്ലാമാണ് ദക്ഷിണാഫ്രിക്കെ തകര്‍ത്തത്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 106ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കഗിസോ റബാദ, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മുഹമ്മദുല്‍ ഹസന്‍ ജോയ് 30 റണ്‍സെടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി.
തുടക്കത്തില്‍ തന്നെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (6) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് ടോണി ഡി സോര്‍സി (30) – ട്രിസ്റ്റണ്‍ സ്റ്റബ്സ് (23) സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്റ്റബ്സിനെ പുറത്താക്കി തയ്ജുല്‍ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഡേവിഡ് ബെഡിംഗ്ഹാം (11), റ്യാന്‍ റിക്കല്‍റ്റണ്‍ (27), മാത്യൂ ബ്രീറ്റ്സ്‌കെ (0) എന്നിവരേയും തയ്ജുല്‍ മടക്കി. അതിന് മുമ്പ് സോര്‍സിയേയും തയ്ജുല്‍ വീഴ്ത്തിയിരുന്നു. ഇതോടെ അഞ്ച് വിക്കറ്റ് നേട്ടവും. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ കൈല്‍ വെറെയ്‌നെ (18), വിയാന്‍ മള്‍ഡര്‍ (17) എന്നിവരാണ് ക്രീസില്‍.