‘പൊലീസ് ആവശ്യപ്പെട്ടതില്‍ കൈവശമുള്ളതെല്ലാം നല്‍കി’; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദിഖ്
അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായിയെന്നും പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.
ദില്ലി: ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായിയെന്നും പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ള തെളിവുകളും ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പഴയ ഫോണുകള്‍ തന്റെ കൈയില്‍ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടര്‍ന്നുവെന്നും ഇത് സംബന്ധിച്ച് താന്‍ പരാതി നല്‍കിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വകാര്യ വാഹനങ്ങളില്‍ അജ്ഞാതരായ ചിലര്‍ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടര്‍ന്നുവെന്നും ഇത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്. സിദ്ദിഖ് നല്‍കിയ പരാതിയില്‍ പൊലീസ് നല്‍കി രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സിദ്ദിഖിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പലതും മറന്ന് പോയെന്ന ഉത്തരമാണ് പ്രതി നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുന്‍പ് കള്ളത്തരം പുറത്ത് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ സുപീംകോടതിയെ അറിയിച്ചു.