ബോക്‌സൈറ്റ് ഖനനത്തിന് സര്‍ക്കാര്‍ അനുമതി; സമരത്തിന് സിപിഎം പ്രാദേശിക നേതൃത്വം

കാസര്‍കോട് കാറഡുക്ക പഞ്ചായത്തിലെ നാര്‍ളത്ത് സംസ്ഥാന സര്‍ക്കാര്‍
മുന്‍കയ്യെടുത്ത് ആരംഭിക്കുന്ന ബോക്‌സൈറ്റ് ഖനനത്തിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം. നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് സിപിഎം കാടകം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഖനനത്തിനെതിരെ നാളെ രാവിലെ കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ഖനനം ഉപേക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സിപിഎം കാടകം ലോക്കല്‍ സെക്രട്ടറി കെ.ജയന്‍ വ്യക്തമാക്കി.
ഖനനത്തിനായി കണ്ടെത്തിയതില്‍ ഭൂരിഭാഗവും സംരക്ഷിത വനഭൂമിയാണ്. ചുറ്റും ജനവാസ മേഖലയാണ്. ജനവാസ മേഖലകളും മണ്ണുള്ള സ്ഥലങ്ങളും ഒഴിവാക്കി 82.15 ഹെക്ടര്‍ സ്ഥലമാണ് ഖനനത്തിന് കണ്ടെത്തിയത്.

19ന് കമ്പനികളുമായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് എതിര്‍പ്പുയരുന്നത്. 2017ല്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതാണ്. ഒരു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ നിലപാട് മാറ്റിയതോടെ ഖനന നീക്കം വീണ്ടും സജീവമായി. സര്‍വേയും ഭൂമിതുരന്നു പരിശോധനയുള്‍പ്പെടെയുള്ള നടപടികളും പൂര്‍ത്തിയാക്കിയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. 2007ല്‍ സമാനമായി കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 200 ഏക്കര്‍ സ്ഥലം ഖനനത്തിനായി മുംബൈ ആസ്ഥാനമായ ആശാപുര കമ്പനിക്ക് കൈമാറിയെങ്കിലും എതിര്‍പ്പുയര്‍ന്നതോടെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

Scroll to Top