ഗ്യാസില്‍ പ്രതിസന്ധി; വിറകടുപ്പിലേക്ക് കടക്കേണ്ടിവരുമോ?

കാസര്‍കോട്: അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പാചകവാതക പ്രതിസന്ധിയില്‍
സംസ്ഥാനത്തുടനീളമെന്നപോലെ ജില്ലയിലും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയതായി ഹോട്ടലുടമകള്‍. ഹോട്ടലുകളും ആശുപത്രി കാന്റീനുകളും സ്‌കൂളുകളുമടക്കം ഈ പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. ജില്ലയിലാകെ അറുപതോളം ഹോട്ടലുകള്‍ അടക്കേണ്ടിവന്നുവെന്നാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ്‌റ് അസോസിയേഷന്‍ അധികൃതര്‍ പറയുന്നത്. സ്ഥിതി തുടര്‍ന്നാല്‍ നഗരത്തിലെ ഓഫിസുകളെയും ബാധിക്കുമെന്നുറപ്പാണ്.

റമദാന്‍ കാലമായതുകൊണ്ടുതന്നെ നോമ്പുതുറകള്‍ക്കും മറ്റും വലിയ ഭീഷണിയായിരിക്കുകയാണ് വാണിജ്യ സിലിണ്ടര്‍ ക്ഷാമം. കാഞ്ഞങ്ങാട്ടെ പ്രമുഖ ഹോട്ടലുകളടക്കം പലതും അടച്ചു. ഇന്ത്യന്‍ കോഫി ഹൗസ് വിറകടുപ്പിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ബേക്കറികള്‍ക്കും ഇതേ സ്ഥിതിയാണുള്ളത്.
ഇഫ്താറുകള്‍ക്കായി ബുക്കിങ് എടുത്ത കാറ്ററിങ് യൂനിറ്റുകളും വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പൂട്ടാന്‍ സാധ്യതയുണ്ടെന്നും ഹോട്ടലുടമകള്‍ പറയുന്നുണ്ട്. അതേസമയം, പല ഹോട്ടലുകളും വലിയ രീതിയില്‍ വില വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 12 രൂപയുണ്ടായിരുന്ന ചായ 15 രൂപയിലെത്തി. മറ്റ് ഭക്ഷണങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്. വില ഏകീകരണമില്ല. പല രീതിയിലാണ് വില ഈടാക്കുന്നത്. ഇത് ആരും ചോദ്യംചെയ്യുന്നുമില്ല.

Scroll to Top