ചെര്‍ക്കള: സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഇഫ്താര്‍ സംഗമവും പുരസ്‌കാര വിതരണവും ‘സമാദരം 2026’ ശ്രദ്ധേയമായി. ചെര്‍ക്കള ഐ മാക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുത്തു. വൈകിട്ട് 3 മണിക്ക് ആരംഭിച്ച പരിപാടി രാത്രി 7 മണിയോടെയാണ് സമാപിച്ചത്. കുടുംബശ്രീ സംസ്ഥാന മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐഎഎസ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
കേവലം ഒരു ഇഫ്താര്‍ സംഗമം എന്നതിലുപരി, ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെയും കായിക പ്രതിഭകളുടെയും മികവിനെ ആദരിക്കുന്ന വേദിയായി ‘സമാദരം’ മാറി. ‘ബാക്ക് ടു ഫാമിലി’ ക്യാമ്പയിന്റെ ഭാഗമായി ടാലന്റിക്കോഡ് ബുക്ക് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ പ്രതിഭകളെയും, ജില്ലയുടെ അഭിമാനമായി മാറിയ പ്രഥമ ട്രൈബല്‍ സോക്കര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിംഗ് ബോര്‍ഡംഗവുമായ സി. ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
തുടര്‍ന്ന് നടന്ന സമൂഹ നോമ്പുതുറയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി, മുന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സരിത, ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ജില്ലയിലെ വിവിധ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, നിലവിലെ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് സംഗമം ധന്യമായി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡി. ഹരിദാസ്, കിഷോര്‍കുമാര്‍ കെ.എം, സ്റ്റാഫ് സെക്രട്ടറി സച്ചിന്‍ രാജ്, ഡിപിഎം എസ്. മനു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സക്കീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




