കൊടക്കാട്: കുടുംബശ്രീ ജില്ലാ മിഷന്ന്‍ കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന കാര്യശേഷി വികസന പരിശീലന പരിപാടി ‘ഒരുക്കം’ കൊടക്കാട് കദളീവനത്തില്‍ നടന്നു. കുട്ടികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ പി. രത്‌നേഷ് അധ്യക്ഷത വഹിച്ചു. പിലിക്കോട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. ശാന്ത, ബാലസഭ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ വിജയകുമാര്‍ പനയാല്‍, ജില്ലാ ചാര്‍ജ് റിസോഴ്‌സ് പേഴ്‌സണ്‍ പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. കെ. സോയ സ്വാഗതവും കെ.ആര്‍. കാവ്യ നന്ദിയും പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഐസ് ബ്രേക്കിങ് & സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് (ഷൈജിത്ത് കരുവാക്കോട്), ബാലസഭയും ജന്‍ഡര്‍ ന്യൂട്രാലിറ്റിയും (ഡോ. ആശാലക്ഷ്മി), കളിയും കാര്യവും (സുഭാഷ് വനശ്രീ), ബാലസഭയിലെ നൂതന ഇടപെടലുകളും തിരഞ്ഞെടുപ്പും (വിനോദ് കണ്ണാടിപ്പറമ്പ്), ഡിജിറ്റല്‍ ലിറ്ററസി & എഐ സാങ്കേതിക വിദ്യ (രൂപേഷ് കാഞ്ഞങ്ങാട്) എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.
പരിശീലനത്തോടനുബന്ധിച്ച് കനല്‍ ഖത്തര്‍ പുരസ്‌കാര ജേതാവ് റംഷി പട്ടുവം നയിച്ച സംഗീത സന്ധ്യയും അരങ്ങേറി. സമാപന സമ്മേളനത്തില്‍ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ പി. രത്‌നേഷ് നന്ദി പറഞ്ഞു




