മഞ്ചേശ്വരത്ത് ശിക്ഷക് സദന്‍ ആരംഭിക്കണംഭരണഭാഷാ സമിതി

കാസര്‍ഗോഡ്: കേരളത്തില്‍ അധ്യാപക ഭവനോ ശിക്ഷക് സദനോ ഇല്ലാത്ത ഏക ജില്ല കാസര്‍ഗോഡ് ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗല്‍പാടി ജി.ബി.എല്‍.പി സ്‌കൂള്‍ വളപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ പ്രയോജനപ്പെടുത്തി ശിക്ഷക് സദന്‍ അനുവദിക്കണമെന്നും കാസര്‍ഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ലാ ഭരണഭാഷ സമിതി ആവശ്യപ്പെട്ടു.

ഇതര ജില്ലകളില്‍ നിന്ന് നിയമനം കിട്ടിഎത്തുന്നവര്‍ക്കും യാത്രക്കാര്‍ക്കും ശിക്ഷക്‌സദന്‍ ഏറെ പ്രയോജനപ്പെടും.സമിതി സര്‍ക്കാരില്‍ സമര്‍പ്പിച്ച ആവശ്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടറുമായി ചര്‍ച്ച ചെയ്യുകയായിരുന്നു ഭാരവാഹികള്‍.
ഭാഷാ ന്യൂനപക്ഷ പ്രദേശത്ത് മാത്രമായി 476 പ്രൈമറി അധ്യാപകരെ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് നിയോഗിച്ചതിനാല്‍ പ്രൈമറി ക്ലാസുകളിലെ പഠനവും പരീക്ഷയും അവതാളത്തില്‍ ആയതായി സമിതി ചൂണ്ടിക്കാട്ടി.
കന്നട വിദ്യാലയങ്ങളില്‍ മലയാളം ആരംഭിച്ചത് പോലെ അതിര്‍ത്തി പ്രദേശത്തെ മലയാളം വിദ്യാലയങ്ങളില്‍ കന്നട ആരംഭിക്കുക.
അതിര്‍ത്തി പ്രദേശത്ത് 50 മലയാളം വിദ്യാലയങ്ങള്‍ ഉള്ളതായി കണക്കാക്കിയാല്‍., 18 ലക്ഷത്തി എഴുപതിനായിരം രൂപ മാത്രമേ പഠനച്ചെലവ് വരികയുള്ളൂ.
5 വിദ്യാലയങ്ങളില്‍ ഒരു അധ്യാപകന്‍ തോതില്‍ 50 വിദ്യാലയങ്ങളിലേക്ക് 10 അധ്യാപകര്‍ മതിയാകും. ദിവസം 935 രൂപ തോതില്‍ 10 പേര്‍ക്ക് 200 പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് ഇത്രയും തുക മതിയാകുന്നതാണ്. ആയതിന്റെ ചിലവ് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് എടുക്കാവുന്നതാണ്.

കന്നഡ വിദ്യാലയങ്ങളില്‍ മലയാളം പഠിച്ചവര്‍ക്ക് മലയാളം നോയിങ് സര്‍ട്ടിഫിക്കറ്റ് നല്‍കുക, പാഠപുസ്തകം കൃത്യസമയത്ത് എത്തിക്കുക, വര്‍ഷാരംഭ ത്തില്‍ തന്നെ അധ്യാപക നിയമനം നടത്തുക, സപ്തഭാഷാ സംഗമഭൂമിയില്‍ വിവിധ ഭാഷക്കാര്‍ ഒന്നിച്ചുള്ള സാംസ്‌കാരിക പരിപാടികളും വട്ടമേശ സമ്മേളനങ്ങളും നിരന്തരം നടത്തുക, 2026-27 ല്‍ വര്‍ഷത്തില്‍ കന്നഡ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസില്‍ മലയാളം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമിതി ഉന്നയിച്ചു.സമിതിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് നാസര്‍ ചെര്‍ക്കളം, ജനറല്‍ സെക്രട്ടറിമാരായ കൂക്കിള്‍ ബാലകൃഷ്ണന്‍,എം കെ അലി മാസ്റ്റര്‍, മഹ്‌മൂദ് കൈക്കമ്പ, അബ്ബാസ് ഓണന്ദ, കെഎം നഫീസ ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Scroll to Top