പരപ്പ : മലനാട്ടിലെ പ്രധാന കച്ചവടകേന്ദ്രമായ പരപ്പയില്‍ യാത്രാക്കുരുക്ക്. സ്‌കൂള്‍ കവലയിലാണ് ബസും മറ്റ് വാഹനങ്ങളും നിറഞ്ഞ് ഗതാഗതതടസ്സമുണ്ടാകുന്നത്.
രാവിലെയാണ് തിരക്ക് കൂടുതല്‍. വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും അധികമുള്ള സമയം. ഓട്ടോ, ടാക്സി എന്നിവ ചേരുമ്പോള്‍ ചില സമയങ്ങളില്‍ അപകടസാധ്യതയുണ്ട്. ദീര്‍ഘദൂരം ഉള്‍പ്പടെ അമ്പതിലധികം ബസ് സര്‍വീസുകള്‍ ഇതുവഴിയുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യക്കുറവുണ്ട്. ബസുകള്‍ റോഡുവക്കിലാണ് നിര്‍ത്തിയിടുന്നത്. ഇതും യാത്രാതടസ്സത്തിന് കാരണമാകുന്നുണ്ട്. സ്‌കൂള്‍ കവലയ്ക്കടുത്ത് റോഡിനോടുചേര്‍ന്ന് വെള്ളമെടുക്കാത്ത കുഴല്‍ക്കിണറുണ്ട്. ടൗണില്‍ യാത്രാതടസ്സത്തിന് ഇത് കാരണമാകുന്നു.
ബസ്സ്റ്റാന്‍ഡില്‍ വിശ്രമകേന്ദ്രമൊരുങ്ങി
: ടൗണിലെ യാത്രാക്കുരുക്കിന് പരിഹാരമായി ബസ്സ്റ്റാന്‍ഡ് നിര്‍മിക്കണമെന്നത് മൂന്ന് പതിറ്റാണ്ടായുള്ള ആവശ്യമാണ്. ടൗണിനടുത്ത് ബസ്സ്റ്റാന്‍ഡിനായി ലഭിച്ച സ്ഥലത്ത് ഗ്രാമപ്പഞ്ചായത്ത് വിശ്രമകേന്ദ്രമൊരുക്കിയിട്ടുണ്ട്. 20 ലക്ഷം രൂപ മുടക്കില്‍ നിര്‍മിച്ച ഇത് വെള്ളവും വൈദ്യുതിയും ലഭിച്ചാലുടന്‍ തുറക്കും. ബസ്സ്റ്റാന്‍ഡ് വികസനത്തിന് 80 ലക്ഷം രൂപ എം.എല്‍.എ.യുടെ വികസനനിധിയില്‍നിന്ന് മാറ്റിവെച്ചിട്ടുണ്ട്.
ബസ്സ്റ്റാന്‍ഡിനായി 58.75 സെന്റ് സ്ഥലം 15വര്‍ഷം മുമ്പാണ് സൗജന്യമായി ലഭിച്ചത്. അഞ്ചുവര്‍ഷം മുമ്പ് ശിലാസ്ഥാപനവും നടത്തി. സാങ്കേതിക തടസ്സങ്ങളാല്‍ നിര്‍മാണം വൈകി. സ്ഥലം ടാര്‍ചെയ്ത് നിലവിലുള്ള വിശ്രമകേന്ദ്രത്തോടുചേര്‍ന്ന് കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതി ഗ്രാമപ്പഞ്ചായത്തധികൃതര്‍ തയ്യാറാക്കിവരുന്നു.




