പാലക്കാട്: മകളുടെ കേസ് ഒതുക്കി തീര്‍ക്കാന്‍ മുഖ്യമന്ത്രി പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആര്‍എസ്എസിന്റെ ആലിയില്‍ കെട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിഎമ്മിനെതിരായ വ്യാജ കൈക്കൂലി പരാതി എകെജി സെന്ററിലാണ് തയ്യാറാക്കിയതെന്നും എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്തിലുള്ളത് എടുക്കാന്‍ നോക്കിയ സിപിഎമ്മിന് കൈയ്യിലുള്ളത് പോയ സ്ഥിതിയാണ് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം ഷുക്കൂര്‍ പാര്‍ട്ടി ഓഫീസ് വിട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ കുറ്റബോധം തീര്‍ക്കാനാണ് മുഖ്യമന്ത്രി വര്‍ഗീയതയുമായി യുഡിഎഫിനെ കൂട്ടിക്കെട്ടുന്നത്. ബിജെപിയുമായി സഖ്യത്തിലുള്ള അജിത് പവര്‍ വിഭാഗത്തിലേക്ക് പോകാന്‍ 100 കോടി രൂപ ഇടത് എംഎല്‍എ വാഗ്ദാനം ചെയ്തിട്ട് അദ്ദേഹത്തിനെതിരെ സര്‍ക്കാരോ മുന്നണിയോ നടപടിയെടുത്തോ? എന്‍ഡിഎക്കൊപ്പം പോയ ജെഡിഎസ് അംഗങ്ങളല്ലേ കേരളത്തിലെ ഇടത് എംഎല്‍എയും മന്ത്രിയും? മുഖ്യമന്ത്രി ഈ വിഷയത്തില്‍ മിണ്ടാത്തത് എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദിവ്യയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചോ? ആ കുടുംബത്തെ ഒന്ന് ഫോണില്‍ വിളിച്ച് സംസാരിക്കാനെങ്കിലും ഈ മുഖ്യമന്ത്രി തയ്യാറായോ? മനുഷ്യത്വമുണ്ടോ ഈ മുഖ്യമന്ത്രിക്ക്? ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയെ നിയന്ത്രിച്ചത് എം ശിവശങ്കറായിരുന്നെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘമാണ് നയിക്കുന്നത്. പാലക്കാട് നിയോജക മണ്ഡലത്തിലെ ഒരാള്‍ പോലും കോണ്‍ഗ്രസ് വിട്ട് പോയിട്ടില്ല. അതേസമയം സിപിഎമ്മില്‍ നിന്ന് പോയി. സിപിഎമ്മില്‍ നിന്ന് ഇനിയും ചോര്‍ച്ചയുണ്ടാകും. സിപിഎമ്മിനെ ബാധിച്ച ജീര്‍ണത ആ പ്രസ്ഥാനത്തെ തകര്‍ക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
നിഷ്‌കളങ്കനും പാവവും ആണ് കെപിസിസി അധ്യക്ഷനെന്ന് പറഞ്ഞ വിഡി സതീശന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ പ്രശ്‌നങ്ങളിലേക്ക് വലിച്ചിടുകയാണെന്ന് കുറ്റപ്പെടുത്തി. അന്‍വര്‍ വിഷയത്തില്‍ യുഡിഎഫില്‍ ഭിന്നത ഇല്ല. താനും കെപിസിസി അധ്യക്ഷനും തമ്മില്‍ നല്ല ബന്ധത്തിലാണ്. താന്‍ പാവവും നിഷ്‌കളങ്കനും അല്ല. കുരുക്കുള്ള ചോദ്യങ്ങള്‍ തനിക്ക് മനസ്സിലാകും. അദ്ദേഹത്തിന് (കെ.സുധാകരന്‍) അത് മനസ്സിലാകില്ല. അദ്ദേഹം പാവമാണ്. മാധ്യമങ്ങളുടെ ചോദ്യത്തിലെ കുരുട്ട് മനസിലായപ്പോള്‍ തന്നെ അദ്ദേഹം അതിന് വിശദീകരണം നല്‍കി. ഞങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.