*
പശ്ചിമബംഗാളില്‍ ഇടതുമുന്നണി തയ്യാര്‍; രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ട് ഇടതുമുന്നണി. 32 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി ഇന്ന് പ്രഖ്യാപിച്ചത്. 28 സീറ്റുകളില്‍ സിപിഐഎം, മൂന്ന് സീറ്റുകളില്‍ സിപിഐ, ഒരു സീറ്റില്‍ ആര്‍എസ്പി എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
ടോളിഗഞ്ജ് മണ്ഡലത്തില്‍ സിപിഐഎം ആണ് മത്സരിക്കുന്നത്. പ്രൊഫസര്‍ പാര്‍ത്ഥപ്രതിം ബിശ്വാസ് ആണ് സ്ഥാനാര്‍ത്ഥി. വാനിപൂര്‍ മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ അഭിഭാഷകന്‍ ശ്രീജിവ് ബിശ്വാസും മത്സരിക്കും. ബാലിഗഞ്ച് മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ അഫ്രീന്‍ ബീഗവും മെറ്റിയാബുറൂസ് സിപിഐഎമ്മിന്റെ മോനിറുള്‍ ഇസ്ലാമും മത്സരിക്കും.
നന്ദിഗ്രാമില്‍ സിപിഐ ആണ് മത്സരിക്കുന്നത്. ശാന്തി ഗിരി ആണ് സ്ഥാനാര്‍ത്ഥി. ഗോപിബല്ലവ്പൂര്‍ മണ്ഡലത്തില്‍ സിപിഐയുടെ വികാസ് സാരംഗിയും അസന്‍സോള്‍ ഉത്തര്‍ മണ്ഡലത്തില്‍ സിപിഐയുടെ അഖിലേഷ് കുമാര്‍ സിങ്ങും മത്സരിക്കും. കല്‍ചിനി മണ്ഡലമാണ് ആര്‍എസ്പിക്ക് ലഭിച്ചത്. പസാങ് ഷെര്‍പ്പയാണ് സ്ഥാനാര്‍ത്ഥി.
294 സീറ്റുകളില്‍ 192 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി ആദ്യം പ്രഖ്യാപിച്ചത്. 142 പേരാണ് സിപിഐഎം സ്ഥാനാര്‍ത്ഥികളായി ഉണ്ടായിരുന്നത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ മീനാക്ഷി മുഖര്‍ജി, ദേബ്ലീന ഹേംപ്രം, എസ്എഫ്‌ഐ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ദേബ്ജ്യോതി സിന്‍ഹ, മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ ദിപ്‌സീതാ ധര്‍, മുന്‍ രാജ്യസംഭാംഗം ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവരും പട്ടികയിലുണ്ട്.




