കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ച 16707/16708 മംഗളൂരു ജംഗ്ഷന്‍-തിരുനെല്‍വേലി എക്‌സ്പ്രസിന് കാഞ്ഞങ്ങാട്ടിലെ വിവിധ റെയില്‍വേ സംഘടനകള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ഈ ട്രെയിന്‍ സേവനം പനത്തൂര്‍, പനത്തടി, രാജപുരം, പരപ്പ, വെള്ളരിക്കുണ്ട്, കുട്ടിക്കോല്‍, പെരിയ, മടിക്കൈ മേഖലകളിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നതാണ്. കൂടാതെ കാഞ്ഞങ്ങാടിന്റെ ആത്മീയ-ടൂറിസം മേഖലയായ ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, ബേക്കല്‍ മേഖലകളിലേക്ക് എത്തുന്ന തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ഈ സര്‍വീസിലൂടെ വലിയ പ്രയോജനം നേടും.
റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ പി.കെ. പ്രശാന്ത് കുമാര്‍, കൊമേഴ്‌സ്യല്‍ സൂപ്രണ്ട് എ.കെ. അഷ്‌റഫ്, കണ്‍സള്‍ട്ടന്‍സി കമ്മിറ്റി അംഗം പി.എം. നാസര്‍, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ജനറല്‍ സെക്രട്ടറി സി.കെ. നാസര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷബീര്‍ ഹസ്സന്‍, കമ്മിറ്റി അംഗങ്ങളായ സി.പി. ഇബ്രാഹിം, അഡ്വ. മനു പങ്കജാക്ഷന്‍ മാസ്റ്റര്‍, റെയില്‍വേ ഡെവലപ്‌മെന്റ് ഫോറം കണ്‍വീനര്‍ മോഹനന്‍, ട്രഷറര്‍ വി.ടി. തോമസ്, ടി.ആര്‍. രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ട്രെയിനിന്റെ ലോക്കോ പൈലറ്റിന് ബോക്കെ നല്‍കി സ്വീകരിക്കുകയും, ട്രെയിന്‍ പൂമാലകൊണ്ട് അലങ്കരിച്ച ശേഷം യാത്രയാക്കുകയും ചെയ്തു.
ഈ ട്രെയിന്‍ സര്‍വീസ് സ്ഥിരപ്പെടുത്തുകയും യാത്രക്കാര്‍ക്ക് അനുകൂലമായ സമയക്രമം വരുത്തുകയും ഭാവിയില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്നും ചടങ്ങില്‍ ആവശ്യമുയര്‍ന്നു.




