കാസര്‍കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം ഒരുക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പ്രചാരണ പരിപാടിയായ ”വോട്ടായനം 2026” ന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനയും മെഹന്തി ഫെസ്റ്റും ശ്രദ്ധേയമായി.
കളക്ടറേറ്റ് കോംപൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ വിരിഞ്ഞ ചിത്രങ്ങള്‍ വോട്ടര്‍മാരിലേക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചിത്രരചന ഉദ്ഘാടനം ചെയ്തു.
യുവജനങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ടാണ് വോട്ടായനം സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് കോംപൗണ്ടിലെ ക്യാന്‍വാസില്‍ 10 പ്രശസ്ത ചിത്രകാരന്മാര്‍ ചേര്‍ന്ന് 8 വലിയ ചിത്രങ്ങളാണ് വരച്ചത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ക്യാന്‍വസില്‍ പകര്‍ത്തിയത് .വിരലിലെ മഷിയടയാളം മുതല്‍ പോളിംഗ് ബൂത്തിലെ ക്യൂ വരെയുള്ള ദൃശ്യങ്ങള്‍ കലാകാരന്മാരുടെ കൈകളാല്‍ ക്യാന്‍വാസില്‍ ജീവന്‍ തുടിച്ചു.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന മെഹന്തി ഫെസ്റ്റ് വിദ്യാര്‍ത്ഥികളുടെയും ഓക്‌സിലറി അംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മെഹന്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
സ്വീപ് നോഡല്‍ ഓഫിസര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ ഗോപകുമാര്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന്‍ സംബന്ധിച്ചു.
യുവ വോട്ടര്‍മാരെ ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ വേറിട്ട പരിപാടി.
ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികള്‍ ജില്ലയിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അവബോധം ജനങ്ങളിലെത്തിക്കാന്‍ പള്ളിക്കര ബീച്ചില്‍ മണല്‍ ശില്പമൊരുക്കിയും വലിയ പറമ്പ് ബീച്ചില്‍ പട്ടം പറത്തിയും കുണ്ടംകുഴിയില്‍ മരത്തോണ്‍ ഓട്ടവും വോട്ടായനത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ നടക്കും.




