മുംബൈ: ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ഡല്‍ഹിയുടെ യുവ പേസര്‍ ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ റാണ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബെംഗളൂരുവില്‍ നടന്ന പരമ്പരയുടെ തുടക്കത്തില്‍ ഒരു യാത്രാ റിസര്‍വ് എന്ന നിലയില്‍ തുടക്കത്തില്‍ ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ടിരുന്നു റാണ. പിന്നീട് അസമിനെതിരായ ഡല്‍ഹിയുടെ രഞ്ജി ട്രോഫി മൂന്നാം റൗണ്ട് മത്സരത്തില്‍ കളിക്കാന്‍ ക്യാംപ് വിടുകയായിരുന്നു.
ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അസമിനെതിരായ മത്സരത്തില്‍ ഡല്‍ഹി 10 വിക്കറ്റിന് വിജയിച്ചപ്പോള്‍ 22 കാരനായ പേസര്‍ ബാറ്റിലും പന്തിലും മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തില്‍ ഒന്നാകെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്താന്‍ റാണയ്ക്ക് സാധിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗിനെത്തിയപ്പോള്‍ 59 റണ്‍സും താരം നേടി. ”അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാണ്. ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം മുംബൈ ടെസ്റ്റ് കളിക്കുന്നതും നല്ലതാണ്.” മുന്‍ ദേശീയ സെലക്ടറും നിലവിലെ ഡല്‍ഹി പരിശീലകനുമായ സരണ്‍ദീപ് സിംഗ് പറഞ്ഞു.